കേരളത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ ആരൊക്കെ പങ്കെടുക്കണമെന്ന് ബിജെപി തീരുമാനിക്കുന്നു; ഭയം വാര്‍ത്താമുറികളില്‍ നിറയുന്നു; മനോരമ ന്യൂസിലെ തിക്താനുഭവം വെളിപ്പെടുത്തി പ്രമോദ് പുഴങ്കര

മനോരമ ന്യൂസിലെ ചര്‍ച്ചയില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി സംവാദകന്‍ പ്രമോദ് പുഴങ്കര. ബിജെപിക്ക് വേണ്ടി തന്നെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് അദേഹം പറഞ്ഞു. കോര്‍പ്പറേറ്റ് മൂലധനത്തിന്റെ നിയന്ത്രണത്തിലുള്ള ഏതാണ്ടെല്ലാ മാധ്യമങ്ങളും സംഘ്പരിവാറിന്റെയും മോദി സര്‍ക്കാരിന്റെയും കുഴലൂത്തുകാരായി മാറുന്നത് മൂലധനതാത്പര്യം കൊണ്ടാണ്. അതിലെ മാധ്യമപ്രവര്‍ത്തകരെ ഭരിക്കുന്നത് വിധേയത്വവും ഭയവുമാണെന്ന് അദേഹം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ദിവസം മനോരമ ടി വിയില്‍ നിന്നും ബി ജെ പിയുമായി ബന്ധപ്പെട്ടൊരു വിഷയത്തില്‍ എന്നെ കൗണ്ടര്‍ പോയിന്റ് ര്‍ച്ചയിലേക്ക് വിളിച്ചു. രാഷ്ട്രീയസംവാദങ്ങളില്‍ കൃത്യമായി ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പറയുക എന്നതൊരു രാഷ്ട്രീയചുമതല കൂടിയാണ്. അതുകൊണ്ടുതന്നെ മറ്റ് നിരവധി തവണത്തെ എന്നപോലെ പങ്കെടുക്കാമെന്ന് പറയുകയും ഡല്‍ഹി സ്റ്റുഡിയോയില്‍ നിന്നും അവര്‍ വീണ്ടും വിളിച്ച് ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ വൈകീട്ട് സെട്രല്‍ ഡസ്‌കില്‍ നിന്നും വിളിക്കുകയും ‘പ്രമോദ് പുഴങ്കരയുണ്ടെങ്കില്‍ ബിജെപിക്കാര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട്, അവരില്ലാതെ ചര്‍ച്ച നടക്കില്ല എന്നതുകൊണ്ട് ഞങ്ങളോട് ക്ഷമിക്കണം’ എന്ന് വളരെ മാന്യമായി ക്ഷമാപണത്തോടെത്തന്നെ ആവര്‍ത്തിക്കുകയും ചെയ്തു.

അതായത് ബി ജെ പിക്കെതിരായ രാഷ്ട്രീയം ആര് പറയണമെന്നും കേരളത്തിലേതടക്കമുള്ള വാര്‍ത്താചാനലുകളുടെ സംവാദങ്ങളില്‍ ആരൊക്കെ പങ്കെടുക്കണമെന്നും സംഘപരിവാര്‍ തീരുമാനിക്കുന്നു എന്നാണ്. പ്രമോദ് പുഴങ്കരയുണ്ടെങ്കില്‍ ഞങ്ങളുടെ പ്രതിനിധി വരില്ല എന്ന് ബി ജെ പി നേതൃത്വം ഇതിനുമുമ്പും ചാനലുകളിലേക്ക് അറിയിക്കുകയും സ്വാഭാവികമായും ചാനലുകള്‍ സെല്‍ഫ് സെന്‍സറിങ്ങ് ടത്തുകയും ചെയ്തിട്ടുമുണ്ട്.

എന്നാല്‍ തങ്ങള്‍ വിളിച്ചുറപ്പാക്കുകയും പരിപാടിയുടെ പ്രെമോ കാര്‍ഡ് ചിത്രസഹിതം ഇറക്കുകയും ചെയ്തിട്ടുപോലും തങ്ങള്‍ നടത്തുന്ന ചര്‍ച്ചയിലേക്ക് വിളിച്ച ഒരാളെ മാറ്റാന്‍ നിര്‍ബന്ധിതമാകും വിധത്തില്‍ വിധേയത്വവും ഭയവും വാര്‍ത്താമുറികളില്‍ നിറയുന്നു എന്നത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല എന്നതിനെ അപ്രസക്തമാക്കുന്നുണ്ടെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വാര്‍ത്താമാധ്യമങ്ങളിലെ വാര്‍ത്താമുറികളിലെ തീരുമാനങ്ങളെ ഭരണകൂടം നിയന്ത്രിക്കുന്നത് പല രീതിയിലാണ്. ഇന്ത്യയിലെ ദേശീയ, പ്രാദേശിക വാര്‍ത്താമാധ്യമങ്ങളുടെ ഭരണകൂട വിധേയത്വം രഹസ്യമല്ല. കോര്‍പ്പറേറ്റ് മൂലധനത്തിന്റെ നിയന്ത്രണത്തിലുള്ള ഏതാണ്ടെല്ലാ മാധ്യമങ്ങളും സംഘ്പരിവാറിന്റെയും മോദി സര്‍ക്കാരിന്റെയും കുഴലൂത്തുകാരായി മാറുന്നത് മൂലധനതാത്പര്യം കൊണ്ടാണ്. അതിലെ മാധ്യമപ്രവര്‍ത്തകരെ ഭരിക്കുന്നത് വിധേയത്വവും ഭയവുമാണ്. ഇക്കഴിഞ്ഞ ദിവസം മനോരമ ടി വിയില്‍ നിന്നും ബി ജെ പിയുമായി ബന്ധപ്പെട്ടൊരു വിഷയത്തില്‍ എന്നെ Counter point ചര്‍ച്ചയിലേക്ക് വിളിച്ചു.

രാഷ്ട്രീയസംവാദങ്ങളില്‍ കൃത്യമായി ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പറയുക എന്നതൊരു രാഷ്ട്രീയചുമതല കൂടിയാണ്. അതുകൊണ്ടുതന്നെ മറ്റ് നിരവധി തവണത്തെ എന്നപോലെ പങ്കെടുക്കാമെന്ന് പറയുകയും ഡല്‍ഹി സ്റ്റുഡിയോയില്‍ നിന്നും അവര്‍ വീണ്ടും വിളിച്ച് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ വൈകീട്ട് central desk -ല്‍ നിന്നും വിളിക്കുകയും ‘പ്രമോദ് പുഴങ്കരയുണ്ടെങ്കില്‍ ബി ജെ പിക്കാര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട്, അവരില്ലാതെ ചര്‍ച്ച നടക്കില്ല എന്നതുകൊണ്ട് ഞങ്ങളോട് ക്ഷമിക്കണം’ എന്ന് വളരെ മാന്യമായി ക്ഷമാപണത്തോടെത്തന്നെ ആവര്‍ത്തിക്കുകയും ചെയ്തു.

അതായത് ബി ജെ പിക്കെതിരായ രാഷ്ട്രീയം ആര് പറയണമെന്നും കേരളത്തിലേതടക്കമുള്ള വാര്‍ത്താചാനലുകളുടെ സംവാദങ്ങളില്‍ ആരൊക്കെ പങ്കെടുക്കണമെന്നും സംഘപരിവാര്‍ തീരുമാനിക്കുന്നു എന്നാണ്. പ്രമോദ് പുഴങ്കരയുണ്ടെങ്കില്‍ ഞങ്ങളുടെ പ്രതിനിധി വരില്ല എന്ന് ബി ജെ പി നേതൃത്വം ഇതിനുമുമ്പും ചാനലുകളിലേക്ക് അറിയിക്കുകയും സ്വാഭാവികമായും ചാനലുകള്‍ self censoring നടത്തുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ തങ്ങള്‍ വിളിച്ചുറപ്പാക്കുകയും പരിപാടിയുടെ promo card ചിത്രസഹിതം ഇറക്കുകയും ചെയ്തിട്ടുപോലും തങ്ങള്‍ നടത്തുന്ന ചര്‍ച്ചയിലേക്ക് വിളിച്ച ഒരാളെ മാറ്റാന്‍ നിര്‍ബന്ധിതമാകും വിധത്തില്‍ വിധേയത്വവും ഭയവും വാര്‍ത്താമുറികളില്‍ നിറയുന്നു എന്നത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല എന്നതിനെ അപ്രസക്തമാക്കുന്നുണ്ട്.

രണ്ടു മാസം മുന്‍പ് മണിപ്പൂര്‍ കലാപം സംബന്ധിച്ച് മാതൃഭൂമി ടെലിവിഷനില്‍ നടന്നൊരു ചര്‍ച്ചയില്‍ ബി ജെ പി പ്രതിനിധി സുരേഷ് എന്നൊരാള്‍ തെണ്ടി, ചെറ്റ , ചെകിട്ടത്തടിക്കണം, രാജ്യദ്രോഹി എന്നിങ്ങനെയുള്ള നിരവധി സംസ്‌കൃത ശ്ലോകങ്ങളാല്‍ എന്നെ അനുഗ്രഹിക്കുകയുണ്ടായി. സംഘ്പരിവാറിനെതിരായ, ഹിന്ദുത്വ ഫാഷിസത്തിനെതിരായ രാഷ്ട്രീയം പറയുന്നതുകൊണ്ട് ഞാന്‍ സമ്പാദിച്ച ശത്രുക്കളില്‍ ഏറ്റവും ചെറിയ കക്ഷികളില്‍ കൂട്ടാവുന്നൊരാളാണ് ടിയാന്‍ എന്നതുകൊണ്ടും അതിനോട് അതേ മാതൃകയില്‍ ഗുസ്തിപിടിക്കുകയല്ല വീണ്ടും കൃത്യമായ ഹിന്ദുത്വ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം പറയുക എന്നതാണ് അതിനുള്ള ശരിയായ മറുപടി എന്നതുകൊണ്ടും ആ ചര്‍ച്ചയില്‍ എന്തുകൊണ്ട് ഹിന്ദുത്വ ഫാഷിസം ഒരു ഹിംസാത്മകമായ രാഷ്ട്രീയ ആക്രമണപദ്ധതിയാണ് എന്നുതന്നെ വീണ്ടും പറഞ്ഞു.

എന്നാല്‍ സുരേഷ്‌കുമാറിന് ആ ചര്‍ച്ചയില്‍ താന്‍ പറഞ്ഞതിന് ഒരു മാപ്പു പോലും പറയാതെ തുടരാന്‍ കഴിഞ്ഞു എന്നത് നമ്മുടെ വാര്‍ത്താമുറികളില്‍ അഴിഞ്ഞാടാന്‍ സംഘപരിവാറിന് ലഭിച്ച രാഷ്ട്രീയധൈര്യത്തിന്റെ തെളിവാണ്. രണ്ടോ മൂന്നോ ദിവസം കഴിയും മുമ്പ് അയാള്‍ മനോരമ ടി വിയിലും തുടര്‍ന്നു മറ്റ് ചര്‍ച്ചകളിലും അതിഥിയായെത്തി.

അതായത് ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ശിക്ഷാര്‍ഹമായ തരത്തിലുള്ള അധിക്ഷേപങ്ങളും സംസ്‌കാരശൂന്യമായ വര്‍ത്തമാനങ്ങളും ചൊരിഞ്ഞയൊരാള്‍ക്ക് മലയാളത്തിലെ ടെലിവിഷന്‍ വാര്‍ത്താമുറികളില്‍ യാതൊരുവിധ തടസ്സവുമില്ലാതെ വേണ്ടും ഗിരിപ്രഭാഷണം നടത്താന്‍ കഴിയുന്നത് ഭയത്തിന്റെയും വിധേയത്വത്തിന്റെയും നാവുകൊണ്ടാണ് വാര്‍ത്താസംവാദങ്ങള്‍ നയിക്കപ്പെടുന്നത് എന്നതുകൊണ്ടാണ്.

‘പ്രമോദ് പുഴങ്കര എല്ലായ്‌പ്പോഴും ഹിന്ദുത്വ ഫാഷിസം, ഗുജറാത്ത്, ഭരണകൂട ഭീകരത, മോദിയും ഗുജറാത്ത് കലാപവും, സംഘപരിവാറിന്റെ ആഖ്യാനം…’ എന്നൊക്കെ സ്ഥിരം പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നാണ് ബി ജെ പിക്കാരുടെ പരാതി. ഇത് വീണ്ടും വീണ്ടും പറയുക എന്ന ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയം യാതൊരുവിധ ശങ്കയുമില്ലാതെ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടിയാണ് ചാനലുകളടക്കം എവിടെയും ചര്‍ച്ചകളില്‍ പോകുന്നതും എഴുതുന്നതും.

അല്ലാതെ സ്വന്തം മുഖം ടി വിയില്‍ വരുന്നതു കണ്ടോ, കാണിച്ചോ ഞെളിയാനല്ല. ഫാഷിസ്റ്റ് വിരുദ്ധ, കോര്‍പ്പറേറ്റ് ചൂഷണവിരുദ്ധ രാഷ്ട്രീയം ഒന്ന് മയത്തില്‍പ്പറഞ്ഞാലെ ചര്‍ച്ചയ്ക്ക് വിളിക്കൂ എങ്കില്‍ മരിക്കുവോളം ഇനി ചര്‍ച്ചയ്ക്ക് വിളിച്ചില്ലെങ്കിലും ഒരു അണുവിട പോലും മാറാതെ ഇതേ ഫാഷിസ്റ്റ് വിരുദ്ധ, മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയ നിലപാടുതന്നെ ഉയര്‍ത്തിപ്പിടിക്കുകയും ഭയരഹിതമായി അത് സാധ്യമായ എല്ലായിടത്തും ആവര്‍ത്തിക്കുകയും ചെയ്യും.

വാര്‍ത്താമുറികളില്‍ ആരുണ്ടാകണം ആരുണ്ടാകേണ്ട എന്ന് മോദി സര്‍ക്കാരും സംഘപരിവാറും തീട്ടൂരമിറക്കുന്നത് ഇതാദ്യമല്ല. ഹിന്ദുസ്താന്‍ ടൈംസില്‍ Hate Tracker എന്ന പരമ്പരയില്‍ മുസ്ലീങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് എഴുതാന്‍ തുടങ്ങിയപ്പോള്‍ ചീഫ് എഡിറ്ററായിരുന്ന ബോബി ഘോഷിനെ മാറ്റാന്‍ ബി ജെ പിയും സര്‍ക്കാരും മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. അവരത് അനുസരിക്കുകയും ചെയ്തു.

ABP News -ല്‍ Masterstroke എന്ന പരിപാടി ചെയ്തിരുന്ന പുണ്യ പ്രസൂണ്‍ ബാജ്പേയിയെ മാറ്റിയതും മോദിയെ വിമര്ശിച്ചതിനാണ്. ബാജ്‌പേയ് മാറും വരെ അവര്‍ക്കുള്ള അദാനിയുടേതടക്കമുള്ള പരസ്യങ്ങള്‍ പിന്‍വലിച്ചു, സംപ്രേഷണത്തില്‍ സാങ്കേതിക തടസങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ബാജ്പേയിയോട് രാജിവെക്കാന്‍ ഉടമകള്‍ ആവശ്യപ്പെട്ടു. അയാളുടെ രാജിയുടെ പിന്നാലെ പരസ്യങ്ങള്‍ തിരിച്ചുവന്നു, സാങ്കേതിക തടസങ്ങള്‍ ഉടനടി അപ്രത്യക്ഷമായി.

മാധ്യമങ്ങളെ വരുതിക്ക് നിര്‍ത്താനും ഭയപ്പെടുത്താനുമുള്ള ഭരണകൂട ശ്രമങ്ങള്‍ക്കെതിരെ, മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള നിലപാടുകള്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണ്. സംഘപരിവാറും മോദി സര്‍ക്കാരും വിലയ്ക്കെടുക്കുകയും ഭയത്തിന്റെ തുടലിട്ട് പൂട്ടുകയും ചെയ്ത വാര്‍ത്താമുറികളും മാധ്യമ ‘പ്രചാരക്’കളും ആ പോരാട്ടത്തിന്റെ എതിര്‍പക്ഷത്തുമാണ്. ഭയത്തിന്റെ നിശാവസ്ത്രം പുതച്ച സംവാദാവതരാകര്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ മാത്രമല്ല, ജനാധിപത്യത്തിന്റെയും ഉള്ളു പൂതലിച്ച കാഴ്ചകളാണ്.

ബി ജെ പിക്കും സംഘ്പരിവാറിനും ഹിന്ദുത്വ ഫാഷിസത്തെ നേര്‍ക്കുനേര്‍ എതിരിടുന്ന സംവാദങ്ങളെ ഇല്ലാതാക്കണമെന്നത് അവരുടെ രാഷ്ട്രീയാവശ്യമാണ്. അധിക്ഷേപങ്ങളും ഹിംസയും നിറഞ്ഞ ജനാധിപത്യവിരുദ്ധതയുടെ ആവാസവ്യവസ്ഥയില്‍ തെഴുക്കുന്നൊരു രാഷ്ട്രീയസംവിധാനമാണത്.

ഭയമാണ് അവര്‍ പടര്‍ത്താന്‍ ശ്രമിക്കുന്നത്. തങ്ങള്‍ക്കെതിരെ പോരാടുന്നവരെ തടവിലടക്കുന്നു, പൊതുമണ്ഡലത്തില്‍ നിന്നും നിഷ്‌ക്കാസിതരാക്കുന്നു. ഭയപ്പെടുത്താനാണ് ശ്രമം. ഭയക്കുന്നില്ല എന്നും ഹിന്ദുത്വ ഫാഷിസ്റ്റ് -കോര്‍പ്പറേറ്റ് ഭീകരതയെ തകര്‍ക്കുക എന്നും ഉറക്കെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് അതിനോടുള്ള പ്രതിരോധം. ഏത് പീഡനകാലത്തിലൂടെ കടന്നുപോകുമ്പോഴും ഉയര്‍ത്തിപ്പിടിക്കുന്ന ഈ ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ രാഷ്ട്രീയനിലപാട് ഒന്നുകൂടി ഉറപ്പിക്കുക മാത്രമാണ് ഈയവസരത്തിലെ രാഷ്ട്രീയം.