സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി ഉടന്‍ പരിഹരിക്കും; കെ.എസ്.ഇ.ബി

സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈകിട്ട് 6:30നും 11 മണിക്കുമിടയില്‍ 15 മിനിറ്റാണ് നിയന്ത്രണം ഉണ്ടാവുക. നഗരപ്രദേശങ്ങളെയും ആശുപത്രികളെയും ഉള്‍പ്പടെയുള്ള അവശ്യസേവന മേഖലകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്നലെയും സംസ്ഥാനത്ത് സമാനമായ നിയന്ത്രണം ഉണ്ടായിരുന്നു.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ നാല്പതോളം താപനിലയങ്ങളിലെ വൈദ്യുതി ഉല്പാദനം കുറഞ്ഞിരുന്നു. രാത്രിസമയത്ത് രണ്ടു ദിവസമായി 400 മുതല്‍ 500 മെഗാവാട്ട് വരെ കുറവ് അനുഭവപ്പെടുന്നുണ്ട്. പീക്ക് അവറില്‍ 500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് പ്രതീക്ഷിക്കുന്നത്.വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി ഉപയോഗം കൂടിയാല്‍ നിയന്ത്രണവും നീട്ടേണ്ടി വരും.

പ്രതിസന്ധി രണ്ട് ദിവസത്തിനകം പരിഹരിക്കാന്‍ കഴിയുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ആന്ധ്രയില്‍ നിന്ന് 200 മെഗാവാട്ട് വൈദ്യുതി എത്തിക്കുന്നതോടെ നിയന്ത്രണം പിന്‍വലിക്കാനായേക്കും. കോഴിക്കോട് നല്ലളം ഡീസല്‍ താപനിലയത്തില്‍ ഇന്ധനം അടിയന്തിരമായി ശേഖരിക്കാനും കായംകുളം താപവൈദ്യുതി നിലയത്തില്‍ നിന്ന് വൈദ്യുതി ഷെഡ്യൂള്‍ ചെയ്യാനും എന്‍.ടി.പി.സി വഴി ശ്രമം നടത്തുന്നുണ്ട്.

ജനങ്ങള്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസം സര്‍വ്വകാല റെക്കോഡിലെത്തിയിരുന്നു. ൂുധനാ്ച 90.34 ദശലക്ഷം യൂണിറ്റിലെത്തി. ഇതാദ്യമായാണ് ഉപഭോഗം 90 ദശലക്ഷം യൂണിറ്റ് കടക്കുന്നത്.