'സ്വവര്‍ഗ്ഗരതി അനുകൂലിക്കുന്നവനായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു'; ശക്തമായി എതിര്‍ക്കുന്നെന്ന് എം.കെ മുനീര്‍

തന്നെ സ്വവര്‍ഗ്ഗരതി അനുകൂലിക്കുന്നവനായി മാധ്യമങ്ങള്‍ ചിത്രീകരിച്ചെന്ന് മുന്‍ മന്ത്രി എം.കെ മുനീര്‍. ഇതിനെ ശക്തമായി എതിര്‍ക്കുന്നെന്നും താന്‍ മന്ത്രി ആയിരിക്കെയാണ് പോക്‌സോ നിയമം നടപ്പാക്കാന്‍ മുന്‍കൈ എടുത്തതെന്നും മുനീര്‍ പറഞ്ഞു.

പോക്‌സോ കേസുകള്‍ കേരളത്തില്‍ കൂടുന്നു. കേസുകളില്‍ ശിക്ഷിക്കപ്പെടുന്നില്ല. ഈ ആശയമാണ് അടുത്തിടെ കോഴിക്കോട്ട് സംഘടിപ്പിച്ച ചടങ്ങിലെ പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.

കുടുംബം എന്ന അടിസ്ഥാന സിസ്റ്റം വേണമോയെന്ന ചോദ്യമാണ് ലിംഗ സമത്വവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാന്‍ ഉന്നയിക്കുന്നത്. മതത്തിന്റെ പ്രശ്‌നമല്ല ഇത്. ഭിന്നലിംഗക്കാരുടെ സത്വത്തിനെതിരെയല്ല ഞാന്‍ സംസാരിക്കുന്നത്.

സ്വവര്‍ഗാനുരാഗത്തിലെ ആക്ടിവിസം പലപ്പോഴും ശിശുപീഡനത്തിലേക്ക് വഴിമാറുന്നത് ലോകത്ത് പലയിടത്തും കാണുന്നുണ്ട്. ഇത് കേരളത്തിലും നടക്കാതിരിക്കാനുള്ള മുന്നറിയിപ്പായി തന്റെ വാക്കിനെ കാണാം.

പോക്‌സോയുമായി ബന്ധപ്പെട്ട തന്റെ വാക്കുകള്‍ വളച്ചൊടിച്ചു. ലിംഗസമത്വത്തിലെ സര്‍ക്കാരിന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്നും എം.കെ മുനീര്‍ പറഞ്ഞു.