ഷോൺ ജോർജിന് എതിരെ കേസെടുക്കണമെന്ന് പോപ്പുലർ ഫ്രണ്ട്

പി.സി ജോർജ്ജി  ൻറെ മകൻ ഷോൺ ജോർജിനെതിരെ കേസെടുക്കണമെന്ന് പോപ്പുലർ ഫ്രണ്ട്. പി.സി ജോർജ്ജിൻറെ വിദ്വേഷ പ്രസംഗത്തെ മാധ്യമങ്ങൾക്ക് മുന്നിൽ ന്യായീകരിച്ചെന്ന് ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ട് രം​ഗത്തെത്തിയിരിക്കുന്നത്.

മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകളിൽ അന്യ മതസ്ഥർക്ക് വന്ധ്യംകരണ മരുന്ന് നൽകുന്നുണ്ടെന്ന പരാമർശമാണ് ഷോൺ ആവർത്തിച്ചത്. ഇതിന് തെളിവായി തൻറെ ഫോണിൽ 25 വീഡിയോകൾ ഉണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. ഷോണിൻറെ ഫോൺ പിടിച്ചെടുക്കാനും കേസെടുക്കാനും പൊലീസ് തയ്യാറാവണമെന്നാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫ് ആവശ്യപ്പെട്ടത്.

വിദ്വേഷ പ്രസംഗ കേസിൽ ഇന്നലെ അർധരാത്രിയാണ് തിരുവനന്തപുരം പൊലീസ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസിൽ ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പി.സി ജോർജിനെ ഉപാദികളോടെ വിട്ടയച്ചിരുന്നു. തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസിൽ ജോർജിന്റെ ജാമ്യം ഇന്നലെ ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.

Read more

ജാമ്യത്തിലിരിക്കെ വെണ്ണലയിൽ പിസി ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗവും പരിശോധിച്ച കോടതി വെണ്ണലയിലെ പി സി ജോർജിന്റെ പ്രസംഗം പ്രകോപനപരമെന്ന് കണ്ടെത്തി. പ്രസംഗം വിദ്വേഷം പടർത്തുന്നതും മതസ്പർധ വളർത്തുന്നതുമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ പി സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത് 14 ദിവസം റിമാൻഡ് ചെയ്തു