മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പോപ്പുലര്‍ ഫ്രണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.

പിന്നാലെ പൊലീസിന് നേരെ സമരക്കാര്‍ കുപ്പിയെറിയുകയായിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിദ്വേഷ മുദ്രാവാക്യം വിളിയിലെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ച്.

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയില്‍ പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 31 ആയി. മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരന്റെ പിതാവും കുട്ടിയെ തോളിലേറ്റിയ ആളും നേരത്തെ അറസ്റ്റിലായിരുന്നു.

വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് വന്നു. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിയെ പഠിപ്പിച്ചത് കേസിലെ ഇരുപത്തിയാറാം പ്രതി സുധീറാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ് സുധീര്‍. കുട്ടിയുടെ പിതാവ് അസ്‌കറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സുധീര്‍.

ഇയാള്‍ അസ്‌കറിന്റെ പള്ളുരുത്തിയിലെ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നുവെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ അച്ഛന്‍ അസ്‌കറും പഠിപ്പിച്ചിരുന്നു. റാലിക്കിടെ കുട്ടി മുഴക്കിയ വിദ്വേഷ മുദ്രാവാക്യം അസ്‌കര്‍ ഏറ്റുചൊല്ലിയിരുന്നു. ആലപ്പുഴയില്‍ ഈ സംഭവത്തിന് മുമ്പും അതിന് ശേഷവും മതസ്പര്‍ധ ആളിക്കത്തിക്കുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.