പൂവാര്‍ ലഹരി പാര്‍ട്ടി: കേസ് പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം പൂവാര്‍ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും. കാരക്കാട്ട് റിസോര്‍ട്ടില്‍ ഇന്നലെ എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ ഹാഷിഷ് ഓയില്‍, എംഡിഎംഎ അടക്കം പിടിച്ചെടുത്തിരുന്നു. റേവ് പാര്‍ട്ടി സംഘടിപ്പിക്കുന്നുവെന്ന് ബെംഗളൂരു സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ‘നിര്‍വാണ’ എന്ന കൂട്ടായ്മയാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചത്.

കേസില്‍ പാര്‍ട്ടി സംഘടിപ്പിച്ച മുഖ്യപ്രതി ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍ ഉള്‍പ്പടെ 20 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പങ്കെടുക്കാന്‍ എത്തിയവരെ ജാമ്യത്തില്‍ വിട്ട് 3 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അക്ഷയ്ക്ക് പുറമേ അഷ്‌ക്കര്‍, പീറ്റര്‍ഷാന്‍ എന്നിവരാണ് പ്രധാന പ്രതികള്‍.കേസില്‍ തിരുവനന്തപുരത്തെ നിര്‍വാണ കൂട്ടായ്മയെയും, പാര്‍ട്ടിയില്‍ പങ്കെടുത്ത മോഡലിനെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ഉണ്ടാകും. ബെംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളില്‍ സ്ഥിരം പാര്‍ട്ടി കേന്ദ്രങ്ങളുണ്ടെന്ന് സംഘം കണ്ടെത്തിയിരുന്നു. കൊച്ചിയിലേതിന് സമാനമായി വിഴഞ്ഞം, കോവളം മേഖലകളിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന് എക്സൈസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

അതേസമയം പൂവാര്‍ റിസോര്‍ട്ടിലെ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് പിടിച്ചെടുത്തട്ടുണ്ട്. റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടികള്‍ സ്ഥിരമാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നിരവധി ആളുകളാണ് ദ്വീപിലെ റിസോര്‍ട്ടിലേക്ക് ബോട്ടുകളില്‍ പോകുന്നത്. പ്രത്യേക പാസുകള്‍ ഏര്‍പ്പെടുത്തിയാണ് പാര്‍ട്ടിക്ക് ആളെ കയറ്റുന്നത്. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചിരുന്നത്. പാസിന് 1000 മുതല്‍ 2000 രൂപ വരെ വിലയിട്ട് റിസോര്‍ട്ട് വാടകയ്ക്ക് എടുത്താണ് ലഹരി പാര്‍ട്ടി നടത്തിയിരുന്നത്. അക്ഷയ് നേരത്തെയും ലഹരി കേസില്‍ ശിക്ഷ അനുഭവിച്ചട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി നിരവധി പാര്‍ട്ടികളാണ് ഇയാള്‍ നടത്തിയത്. സംഭവത്തില്‍ ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലായേക്കും. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്ത ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതേസമയം കൊച്ചിയില്‍ ഇന്നലെ ഫ്‌ളാറ്റുകളില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ലക്ഷങ്ങളുടെ ചൂതാട്ടം നടന്നുവെന്നാണ് കണ്ടത്തിയിരിക്കുന്നത്. ഫ്‌ളാറ്റില്‍ നിന്ന് ലഹരി വസ്തുക്കളും കണ്ടെടുത്തിരുന്നു. കൊച്ചിയിലെ പല ഫ്ലാറ്റുകളിലും, റിസോര്‍ട്ടുകളിലും ഇത്തരത്തില്‍ പാര്‍ട്ടികള്‍ നടക്കുന്നതായി സൈജു പറഞ്ഞിരുന്നു.