ബഹിഷ്‌കരണത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍; ലോകകേരള സഭയെ തള്ളാതെ പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാമത് ലോക കേരള സഭയെ തള്ളാതെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് പരിപാടി ബഹിഷ്‌ക്കരിച്ചത് അടുത്തിടെയുണ്ടായ രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണെന്നും യുഡിഎഫിന്റെ പ്രവാസി സംഘടനകള്‍ ലോക കേരളസഭയില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായ പ്രമുഖന്‍ എം എ യൂസഫലിക്ക് എതിരെയുള്ള കെഎം ഷാജിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് പിരശോധിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതി രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. അത് പിന്‍വലിക്കണം. പദ്ധതി ലക്ഷക്കണക്കിന് യുവാക്കളുടെ ജോലി അവസരം നഷ്ടമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം യുഡിഎഫ് ലോക കേരളസഭബഹിഷ്‌ക്കരിച്ചത് സംബന്ധിച്ച യൂസഫലിയുടെ പരാമര്‍ശം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമാണ്. യുഡിഎഫ് പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാല്‍ ബഹിഷ്‌ക്കരണത്തെ ഭക്ഷണവും താമസവുമായി ബന്ധപ്പെടുത്തിയത് ശരിയായില്ല.

Read more

സിപിഎമ്മുകാര്‍ നിരവധി കെപിസിസി ഓഫീസുകള്‍ തകര്‍ക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതില്‍ പ്രായസമുണ്ടെന്നാണ് യൂസഫലിയെ വിളിച്ച് അറിയിച്ചിരുന്നത്. ഇതല്ലാതെ മറ്റൊരു കാരണവും അദ്ദേഹത്തോട് സൂചിപ്പിച്ചിട്ടില്ല. അദ്ദേഹം തെറ്റായ ഒരു പ്രസ്താവനയാണ് നടത്തിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.