പൊലീസിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ രാഷ്ട്രീയ അധിക്ഷേപം; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട് സിപിഒ

പൊലീസ് ഡ്യൂട്ടിയ്ക്കുള്ള ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അവഹേളിച്ച് പോസ്റ്റ്. തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പൊലീസ് ഓഫീസര്‍ കിരണ്‍ ദേവ് ആണ് വിവാദ പോസ്റ്റ് പങ്കുവച്ചത്. ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗമാണ് കിരണ്‍ ദേവ്.

തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ പൊലീസുകാര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ച് അറിയിക്കുന്ന ഔദ്യോഗിക ഗ്രൂപ്പിലാണ് കിരണ്‍ ദേവിന്റെ രാഷ്ട്രീയ പോസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥര്‍ യാതൊരു തരത്തിലുള്ള രാഷ്ട്രീയ അനുഭാവവും പുലര്‍ത്താന്‍ പാടില്ലെന്ന് സര്‍വീസ് ചട്ടം നിലനില്‍ക്കുന്നുണ്ട്. ഗുരുതരമായ ചട്ട ലംഘനമാണ് ഇടത് സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗത്തിന്റേത്.

ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ പരിഹസിക്കുന്ന പ്രസംഗവുമായി ബന്ധപ്പെട്ടതാണ് കിരണ്‍ദേവിന്റെ പോസ്റ്റ്. കിരണ്‍ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ മറ്റ് അംഗങ്ങള്‍ ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ കിരണ്‍ പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറായില്ല.

ചില ഉദ്യോഗസ്ഥര്‍ വാക്കാല്‍ പരാതി നല്‍കിയതായാണ് വിവരം. എന്നാല്‍ പോസ്റ്റ് പിന്‍വലിക്കാന്‍ കിരണ്‍ തയ്യാറായില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ സംഭവത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇത് സംബന്ധിച്ച് പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.