ഇന്ധനത്തിന് കാശില്ലാതെ പൊലീസ് വാഹനങ്ങൾ; പൈസ തരാതെ ഡീസലടിക്കില്ലെന്ന് പമ്പുടമകള്‍, നൈറ്റ് പെട്രോളിംഗും പ്രതിസന്ധിയിൽ

ഇന്ധന കുടിശ്ശിക വര്‍ദ്ധിച്ചതോടെ റോഡിലിറങ്ങാനാകാത്ത പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ  പൊലീസ് വാഹനങ്ങൾ.  പണം നല്‍കാതെ ഇന്ധനം ഇല്ലെന്നാണ് പമ്പുടമകളുടെ നിലപാട്. ഡീസല്‍ അടിച്ച വകയില്‍ പമ്പുകള്‍ക്ക് രണ്ട് മാസം മുതല്‍ ഒരുവര്‍ഷത്തെ കുടിശ്ശികയാണ് നല്‍കാനുള്ളത്.പണം നൽകാതെ ഇന്ധനം ഇല്ലെന്ന നിലപാടിലാണ് പമ്പ് ഉടമകൾ. ഇതോടെ നൈറ്റ് പെട്രോളിംഗ് വരെ പ്രതിസന്ധിയിലാണ്.

കുടിശ്ശിക ഭീമമായതോടെയാണ് പമ്പുടമകള്‍ നിലപാട് കടുപ്പിച്ചത്. അടിച്ച ഇന്ധനത്തിന് പണം നല്‍കാതെ വന്നതോടെ പൊലീസ് വാഹനങ്ങള്‍ പലതും പാര്‍ക്കിംഗിലാണ്.തിരുവനന്തപുരം റൂറല്‍ മേഖലയിലെ കണക്കെടുത്താല്‍ കിളിമാനൂരില്‍ മാത്രം രണ്ടു പമ്പുകള്‍ക്ക് നല്‍കാനുള്ളത് 10 ലക്ഷം, ആറ്റിങ്ങള്‍ ആറു ലക്ഷം, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ് 10 ലക്ഷം വീതം.ഇത്തരത്തിൽ രണ്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ കുടിശ്ശിക നല്‍കാനുണ്ട്.

ഇന്ധനം ലഭിക്കാതെ വാഹനങ്ങൾ കട്ടപ്പുറത്തായതോടെ പലയിടങ്ങളിലും രാത്രികാല പട്രോളിംഗ് നിര്ത്തി. അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളും ഇരുിചക്ര വാഹനങ്ങളുമാണ് ഉപയോഗിക്കുന്നത്. കൈയില്‍ നിന്ന് പണം എടുത്ത് വണ്ടി ഓടുന്ന സ്‌റ്റേഷനുകളുമുണ്ട്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് പ്രശന പരിഹാരം കണ്ടില്ലെങ്കില്‍ പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തികളെ അടക്കം പ്രതികൂലമായി ബാധിക്കും എന്ന സ്ഥിതിയാണ് നിലവിലുള്ളത്.