പറവൂര്‍ ഹോട്ടലിലുണ്ടായത് ഗുരുതര വീഴ്ച്ചയെന്ന് കണ്ടെത്തല്‍, കടുത്ത നടപടിക്കൊരുങ്ങി പൊലീസ്

പറവൂരില്‍ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ മജ്ലീസ് ഹോട്ടലിലിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയെന്ന് പൊലീസ്. ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പൊലീസ്. മനപൂര്‍വമായ നരഹത്യാ ശ്രമത്തിനുള്ള 308 വകുപ്പ് ചേര്‍ത്ത് കേസെടുത്തതെന്ന് ആലുവ എസ്പി വിവേക് കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പ്രതികരണത്തിലാണ് തുടര്‍നടപടികളെക്കുറിച്ച് എസ്പി വ്യക്തമാക്കിയത്.

ഹോട്ടലില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റ 67 പേരുടെയും മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചിരുന്നു. നഗരസഭയിലെ രേഖകള്‍ പ്രകാരം വെടിമറ സ്വദേശി സിയാദുല്‍ ഹഖ് എന്നയാളാണ് ഹോട്ടലിന്റെ ഉടമ. ഒളിവില്‍ കഴിയുന്ന ഇയാളെ പെട്ടെന്ന് തന്നെ കണ്ടെത്തുമെന്ന് എസ്പി പറഞ്ഞു. ഹോട്ടലിലെ മുഖ്യ പാചകക്കാരന്‍ അറസ്റ്റിലായിരുന്നു.

നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുകയാണ്. സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.

ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.