ഹെല്‍മറ്റില്ലാതെ ബൈക്കിന് പിറകില്‍ യാത്ര ചെയ്ത വൃദ്ധന്റെ മുഖത്ത് അടിച്ച് പൊലീസ്

ഹെൽമെറ്റില്ലാതെ ബൈക്കിന് പിറകിൽ യാത്ര ചെയ്തതിന് പൊലീസ് വൃദ്ധന്റെ മുഖത്തടിച്ചു. ചടയമംഗലം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണൽ എസ്.ഐ. ഷജീമാണ് രാമാനന്ദൻ നായർ എന്ന 69-കാരനെ മുഖത്തടിക്കുകയും വലിച്ചിഴച്ച് പൊലീസ് ജീപ്പിൽ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇവരെ കൈകാണിച്ച് നിർത്തിയത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ബൈക്കോടിച്ചിരുന്ന വ്യക്തിയും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്.ഐ. ഷജീം ഇവരെ വിട്ടയച്ചില്ല. കോടതിയിൽ പോയി നേരിട്ടടച്ചോളാം എന്ന് ഇരുവരും ഉറപ്പ് നൽകിയെങ്കിലും പോകാൻ അനുവദിച്ചില്ല.

ബൈക്ക് ഓടിച്ചിരുന്നയാളെയാണ് പൊലീസ് ആദ്യം ജീപ്പിൽ കയറ്റിയത്. പിന്നീട് രാമാനന്ദൻ നായരെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹം അതിനെ എതിർത്തു. ഇരുവരുടെയും മൊബൈൽ ഫോൺ ഏൽപ്പിക്കണമെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഫോൺ തരേണ്ട കാര്യമില്ലല്ലോ എന്ന് വൃദ്ധൻ പൊലീസിനോട് പറഞ്ഞതോടെ തർക്കം ഉണ്ടാകുകയും പ്രൊബേഷണൽ എസ്.ഐ. ഷജീം വൃദ്ധന്റെ മുഖത്തടിക്കുകയും വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയുമായിരുന്നു. സംഭവത്തിൽ കൊല്ലം റൂറൽ എസ്.പി. അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.