കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ് കുറ്റപത്രം. കേസിൽ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നുമാണ് പൊലീസ് കണ്ടെത്തൽ.
ആണ്‍സുഹൃത്തായ റമീസ് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിന്‍റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസിൽ റമീസിന് പുറമെ റമീസിന്‍റെ മാതാവും പിതാവും പ്രതികളാണ്. ആത്മഹത്യാ പ്രേരണ കുറ്റമാണ് റമീസിന്‍റെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.
കേസിൽ നേരത്തെ റമീസും മാതാപിതാക്കളും റമീസിന്‍റെ സുഹൃത്തായ സഹദും അറസ്റ്റിലായിരുന്നു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാണ് റമീസിന്‍റെ സുഹൃത്ത് സഹദിനെ അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റപത്രം ഈയാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമര്‍പ്പിക്കും.
മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോന(23) ഓഗസ്റ്റിലാണ് ആത്മഹത്യ ചെയ്തത്. സോനയുടെ വീട്ടിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുക്കയും ചെയ്തു. കുറിപ്പിൽ സുഹൃത്തും കുടുംബവും മതം മാറാൻ നിർബന്ധിച്ചുവെന്നും തന്നോട് ക്രൂരത കാട്ടിയെന്നും പറയുന്നു.







