തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്നും പത്തൊൻപതുകാരിയെ തള്ളിയിട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രണ്ട് പെൺകുട്ടികളും ട്രെയിനിൻ്റെ വാതിൽ ഭാഗത്ത് ഇരിക്കുന്നത് ദൃശൃങ്ങളിൽ കാണാമെന്ന് പൊലീസ് പറയുന്നു. പ്രതിയായ സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടിതള്ളിയിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. രണ്ടാമത്തെ പെൺകുട്ടിയെയും പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇക്കഴിഞ്ഞ ദിവസമായിരുന്നു കേരള എക്സപ്രസ്സിലെ SLR കോച്ചിൽ വാതിൽ ഭാഗത്ത് നിന്ന് യാത്രചെയ്യുകയായിരുന്ന പെൺകുട്ടിയെ പ്രതി സുരേഷ് കുമാർ ചവിട്ടി പുറത്തെറിഞ്ഞത്. രാത്രി 8 മണിയോടുകൂടി ഡി കോച്ചിൽ യാത്ര ചെയ്തു വന്ന പ്രതി വാതിൽ ഭാഗത്ത് എത്തിയ സമയം പെൺകുട്ടി മാറികൊടുത്തില്ല. ഇതായിരുന്നു പ്രതിയ്ക്ക് പെൺകുട്ടിയുമായുള്ള വിരോധത്തിന് കാരണമായത്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താൻ പ്രതിയായ സുരേഷ് കുമാർ ശ്രമിച്ചിരുന്നുവെന്നും അങ്ങനെയാണ് പെൺകുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിട്ടതെന്നുമാണ് എഫ്‌ഐആറിൽ പറയുന്നത്. പെൺകുട്ടിയെ തള്ളിയിടുന്നത് കണ്ട സുഹൃത്തിനെയും പ്രതിആക്രമിക്കാൻ ശ്രമിച്ചു. വധശ്രമം ഉൾപ്പടെ ബി എൻ എസ് 102 വകുപ്പ് ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം സംഭവത്തിൽ പ്രതി കുറ്റം സമ്മതം നടത്തിയിരുന്നു. പെൺകുട്ടി ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നും സുരേഷ് പൊലീസിന് മൊഴി നൽകി.







