ഗുണ്ടാബന്ധം, ക്രിമിനല്‍ പശ്ചാത്തലം; പൊലീസില്‍ അച്ചടക്ക നടപടി, മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

തിരുവനന്തപുരത്ത് ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. സിഐ അഭിലാഷ്, പൊലീസ് ഡ്രൈവര്‍ ഷെറി എസ് രാജ്, റെജി ഡേവിഡ് എന്നിവരെയാണ് പിരിച്ചുവിട്ടത്.

സിറ്റി പൊലീസ് കമ്മീഷ്ണര്‍ സി എച്ച് നാഗരാജുവിന്റേതാണ് നടപടി.അഭിലാഷിനെ ശ്രീകാര്യം എസ്എച്ച്ഒ ആയിരിക്കെ പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിനാണ് പിരിച്ചുവിട്ടത്. നിലവില്‍ ഇയാള്‍ ഗുണ്ടാസംഘവുമായുള്ള ബന്ധം കണ്ടെത്തിയതിന്റെ പേരില്‍ സസ്‌പെന്‍ഷനിലാണ്.

ലൈംഗിക കേസിലും വയോധികയെ മര്‍ദ്ദിച്ച കേസിലും പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നന്ദാവനം എആര്‍ ക്യാമ്പിലെ ഡ്രൈവറായ ഷെറി എസ് രാജിനെതിരെ നടപടി സ്വീകരിച്ചത്. റെജി ഡേവിഡിനെ മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത്.

ഗുണ്ടാസംഘവുമായി ബന്ധം കണ്ടെത്തിയതിനാല്‍ തലസ്ഥാനത്തെ രണ്ട് ഡിവൈഎസ്പിമാരെ മുമ്പ് സസ്‌പെന്റ് ചെയ്തിരുന്നു. തിരുവനന്തപുരം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി കെ ജെ ജോണ്‍സണ്‍, വിജിലന്‍സ് ഡിവൈഎസ്പി പ്രസാദ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. കൂടാതെ നാല് സിഐമാരടക്കം അഞ്ച് ഉദ്യോഗസ്ഥരേയും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ കാരണം കൊണ്ട് തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.