രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ കൊച്ചിയിലേക്ക് മടങ്ങാനിരിക്കെയാണ് മുന്നറിയിപ്പിലാതെ പൊലീസ് ഫോണ്‍ പിടിച്ചെടുത്തത്. അന്വേഷണത്തിൻ്റെ ഭാഗമായാണ് മൊബൈൽ ഫോൺ കൈവശം വാങ്ങിയതെന്നാണ് കവരത്തി പൊലീസിന്റെ വിശദീകരണം.

അതേസമയം മൊബൈൽ ഫോൺ പിടിച്ചെടുക്കുന്ന കാര്യം നേരത്തെ അറിയിച്ചില്ലെന്നും ഫോൺ നമ്പറുകൾ എഴുതിയെടുക്കാൻ സാവകാശം തന്നില്ലെന്നും ഐഷ സുൽത്താന കുറ്റപ്പെടുത്തി. ഐഷയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് നടപടി. രാജ്യദ്രോഹക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്.

ഐഷ ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണെന്ന് കാണുന്നില്ല. ഐഷയുടെ പരാമർശത്തെ രാജ്യദ്രോഹപരമായോ ഭിന്നിപ്പ് ഉണ്ടാക്കുന്നതായോ കാണാനാകില്ല. ബയോവെപ്പണ്‍ എന്ന പദം മാത്രമെടുക്കേണ്ടെന്നും പരാമര്‍ശത്തിന്‍റെ ആകെ ഉദ്ദേശ്യം കണക്കിലെടുത്താല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

കേസിൽ ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും രാജ്യ വിരുദ്ധ നീക്കത്തിനാണ് ഐഷ പദ്ധതിയിട്ടതെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വാദിച്ചു. എന്നാൽ. ഈ വാദങ്ങൾ തള്ളിയ ഹൈക്കോടതി ഉപാധികളോടെ ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.

Read more

രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനയെ ലക്ഷദ്വീപിലെത്തിച്ച് കവരത്തി പോലീസ് മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു.