സുഹൃത്തിന്റെ ബലാത്സംഗ പരാതി തുറന്നു പറഞ്ഞ മയൂഖ ജോണിക്ക് എതിരെ കേസെടുത്ത് പൊലീസ്

കായികതാരം മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് അപകീർത്തിക്കേസാണ് മയൂഖ ജോണിക്കെതിരെ റജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസെടുത്തത്. അപകീർത്തികരമായ ആരോപണം ഉന്നയിച്ചു എന്ന് ആരോപിച്ചാണ് കേസ്.

അതേസമയം, മയൂഖയുടേയും കൂട്ടരുടേയും പരാതികളിൽ എതിർ സംഘത്തിന് എതിരെ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. മൂന്നു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്.