സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്, പ്രളയകാലത്ത് ഗൂഢാലോചന നടന്നതായി പൊലീസ്

സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ വൈദികര്‍ക്കെതിരെ തെളിവുണ്ടെന്ന് പൊലീസ്. വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ ഫാദര്‍ പോള്‍ തേലക്കാട്ട്, ഫാദര്‍ ആന്റണി കല്ലൂക്കാരന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.

വ്യാജരേഖ നിര്‍മ്മിച്ചതില്‍ ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് പൊലീസിന്റെ വാദം. ഇത് സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയമുണ്ടായ സമയത്താണ് വ്യാജരേഖ നിര്‍മ്മിച്ചത് സംബന്ധിച്ചുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് പറയുന്നത്.

കേസില്‍ ഇല്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളാക്കിയതെന്നാണ് ഫാദര്‍ പോള്‍ തേലക്കാട്ടും ഫാദര്‍ ആന്റണി കല്ലൂക്കാരനും കോടതിയെ അറിയിച്ചത്. മൂന്നാം പ്രതിയായ ആദിത്യയെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് തങ്ങള്‍ക്കെതിരെ മൊഴി എടുപ്പിക്കുകയായിരുന്നുവെന്നും വൈദികര്‍ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ കോടതി കേസ് പരിഗണിച്ചപ്പോള്‍ വൈദികരെ ചോദ്യം ചെയ്യുന്നതിന് അനുമതി നല്‍കുകയായിരുന്നു.