പള്ളിത്തർക്കത്തിൽ കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വെടിവെയ്പ്പും ജീവഹാനിയും സംഭവിച്ചേക്കാം; ഹൈക്കോടതിയിൽ പൊലീസ്

പിറവം പള്ളിത്തർക്കത്തിൽ വെടിവെച്ചും കണ്ണീർവാതക ഷെൽ പ്രയോഗിച്ചും വിധി നടപ്പാക്കുന്നത് സാദ്ധ്യമല്ലെന്ന് ഹൈക്കോടതിയിൽ പൊലീസിന്റെ സത്യവാങ്മൂലം. ബലപ്രയോഗം നടത്തിയാൽ വെടിവെയ്പ്പ് വരെ നടന്നേക്കാമെന്നും ജീവൻ നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കണമെന്നുമാണ് സത്യവാങ്മൂലത്തിൽ പൊലീസ് അറിയിച്ചിരിക്കുന്നത്.  കോതമംഗലം പള്ളിക്കേസില്‍ കോതമംഗലം സി.ഐ.യാണ്  ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

പള്ളിക്കകത്ത് ബലപ്രയോഗമോ വെടിവെയ്പ്പോ നടത്തി വിധി നടപ്പാക്കുന്നത്  സാദ്ധ്യമല്ല. യാക്കോബായ വിഭാഗത്തിൽ പെട്ടവർ കോടതി വിധിയെ അന്ധമായി എതിര്‍ക്കുകയാണ്. കേസില്‍ പരാജയപ്പെട്ടെന്ന കാര്യം അവരെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയം വേണ്ടിവരും. ഇക്കാര്യം ബോദ്ധ്യപ്പെട്ടാൽ മാത്രമെ വിധി നടപ്പാക്കാനാകൂവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

പിറവം പള്ളിയിൽ കോടതി വിധി നടപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് കോതമംഗലം പള്ളിത്തർക്കത്തിൽ സി.ഐയുടെ സത്യവാങ്മൂലം.  പിറവത്ത് ഓര്‍ത്തഡോക്സ് വിഭാഗം  പള്ളിയില്‍ പ്രവേശിക്കാനെത്തിയെങ്കിലും യാക്കോബായ വിഭാഗം ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ചു. ഇതോടെ സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു.