ഒരു കാരണവുമില്ലാതെ പുറത്തിറങ്ങിയാല്‍ കേസെടുക്കും, ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് പൊലീസ്

ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് പൊലീസ്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് തിരുവനന്തപുരം ഡിസിപി. അവശ്യവസ്തുക്കള്‍ തൊട്ടടുത്ത കടയില്‍നിന്ന് വാങ്ങണം. നിയമലംഘനമുണ്ടായാല്‍ കേസെടുക്കുമെന്ന് ഡിസിപി അങ്കിത് അശോകന്‍ അറിയിച്ചു.

അതിനിടെ, ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. റോഡുകളില്‍ പൊലീസിന്റെ കര്‍ശന പരിശോധന തുടങ്ങി. അവശ്യസര്‍വീസുകളുമായി ബന്ധപ്പെടുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുന്നുള്ളൂ.

ഇന്ന് അനുവദനീയമായ ഇളവുകള്‍

അടിയന്തര അവശ്യ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യവസായസ്ഥാപനങ്ങള്‍, കന്പനികള്‍, സംഘടനകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. ടീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ യാത്രയ്ക്ക് സ്ഥാപനത്തിന്റെ ഐഡി കാര്‍ഡ് കൈയില്‍ കരുതണം.

ടെലികോം, ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ വാഹനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ജോലി നിര്‍വഹണത്തിനു യാത്ര ചെയ്യാം

ചികിത്സ ആവശ്യത്തിനു പോകുന്ന രോഗികള്‍, വാക്സിനേഷന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ക്ക് ആശുപത്രി രേഖ, വാക്സിനേഷന്‍ രേഖ എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യാം

ദീര്‍ഘദൂര ബസ് സര്‍വീസ്, ട്രെയിന്‍ വിമാനയാത്രകള്‍ അനുവദനീയമാണ്.

എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിനു പൊതു ഗതാഗത വാഹനങ്ങള്‍, ടാക്സികള്‍, ഗുഡ്സ് കാരേജ് എന്നിവയ്ക്ക് അനുമതിയുണ്ട്.

ഭക്ഷ്യവസ്തുക്കള്‍, പഴം, പച്ചക്കറി, പാല്‍, മത്സ്യം,മാംസം എന്നിവ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴു മുതല്‍ ഒന്പതു വരെ പ്രവര്‍ത്തിക്കാം.

ഹോട്ടലുകളും ബേക്കറികളും ഹോം ഡെലിവറി, പാഴ്സല്‍ എന്നിവയ്ക്കായി രാവിലെ ഏഴു മുതല്‍ രാത്രി ഒന്പതു വരെ പ്രവര്‍ത്തിക്കാം.

വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജ പ്പെടുത്തുന്നു. പരിപാടികളില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കണം.

ഇ കോമേഴ്സ് -കൊറിയര്‍ സേവനങ്ങള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്പതു വരെ അനുവദനീയമാണ്. അതിനുശേഷം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.

ടൂറിസം കേന്ദ്രങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളവര്‍ക്കു ആയതിന്റെ രേഖകള്‍ സഹിതം സ്വന്തം വാഹനം, ടാക്സിയില്‍ യാത്ര ചെയ്യുന്നതും ഹോട്ടല്‍, റിസോര്‍ട്ടില്‍ താമസിക്കുന്നതും അനുവദനീയമാണ്.

സിഎന്‍ജി, എല്‍എന്‍ജി, എല്‍പിജി ട്രാന്‍സ്പോര്‍ട്ടേഷന്‍ അനുവദനീയമാണ്.

മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും, പരീക്ഷാ ഡ്യൂട്ടിയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ക്കും അഡ്മിറ്റ് കാര്‍ഡ്, ഐഡി കാര്‍ഡ്, ഹാള്‍ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം

ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മെഡിക്കല്‍ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, നഴ്സിംഗ് ഹോംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യാത്ര അനുവദനീയമാണ്.

ടോള്‍ ബൂത്ത്, പ്രിന്റ്, ഇലക്ട്രോണിക്, വിഷ്വല്‍ ആന്‍ഡ് സോഷ്യല്‍ മീഡിയ ഹൗസസ് എന്നിവയുടെ പ്രവര്‍ത്തനം അനുവദനീയമാണ്.

സാനിറ്റേഷന്‍ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ജോലി സ്ഥലത്തേക്കും തിരിച്ചും യാത്ര അനുവദനീയമാണ്.

അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വാഹന റിപ്പയറിംഗിനായി വര്‍ക്ക് ഷോപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം.