പോക്‌സോ കേസ്; മാത്യു കുഴല്‍നാടന്‍ പ്രതികൾക്ക് സംരക്ഷണം നൽകുന്നു: ഡി.വൈ.എഫ്.ഐ

എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സംരക്ഷിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം. പോക്‌സോ കേസിലെ ഒന്നും രണ്ടും പ്രതികൾ യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരാണ്. രണ്ടാം പ്രതി യൂത്ത് കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന് നിയമ സഹായം നൽകും എന്ന് മാത്യു കുഴല്‍നാടന്‍ ഫെയ്‌സ്‌ബുക്കിൽ പരസ്യമായി പ്രഖ്യാപിച്ചു. പ്രതി എവിടെയെന്ന് മാത്യു കുഴല്‍നാടനറിയാം. അദ്ദേഹമാണ് പ്രതികളെ സംരക്ഷിക്കുന്നത്. പോക്‌സോ കോടതിയിൽ മാത്യു കുഴല്‍നാടന്‍ പ്രതിക്ക് വേണ്ടി നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. അല്പമെങ്കിലും നീതിബോധം മാത്യു കുഴല്‍നാടന് ഉണ്ടെങ്കിൽ പ്രതിയെ നിയമത്തിനു മുന്നിൽ ഹാജരാക്കണം എന്ന് എ.എ റഹിം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എന്ന ഉയർന്ന പദവിയിൽ ഇരിക്കുന്ന പ്രതിയെ ഇതുവരെ തൽസ്ഥാനത്ത് നിന്നും പുറത്താക്കിയിട്ടില്ല. പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കുന്നതാണോ ക്രിയാത്മക പ്രതിപക്ഷമായിരിക്കും എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞതിന്റെ അർത്ഥം എന്നും എ.എ റഹിം ചോദിച്ചു.

മാത്യു കുഴല്‍നാടന്‍ ചെയ്തത് എം.എല്‍.എയുടെ ധാര്‍മ്മികതക്ക് നിരക്കുന്നതല്ല. പ്രതിക്ക് വേണ്ടി പരസ്യമായി പ്രചാരണം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസ്. സമൂഹത്തിന് മുന്നിൽ ഇക്കാര്യങ്ങൾ ചർച്ചയാക്കാൻ ഡി.വൈ.എഫ്.ഐ പ്രചാരണം നടത്തും എന്ന് റഹിം പറഞ്ഞു. ഡി.വൈ.എഫ്.ഐ യുടെ കേന്ദ്ര കമ്മറ്റി അംഗം എം.വിജിൻ എം.എൽ .എ മാത്യു കുഴല്‍നാടനെതിരെ നിയമസഭാ സ്‌പീക്കർക്ക് പരാതി നൽകും എന്നും എ.എ റഹിം പറഞ്ഞു.