'പിഎംഎ സലാമിന് രാഷ്ട്രീയ പക്വതയില്ല'; മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിൽ യൂത്ത് ലീഗിന്റെ വിമര്‍ശനം

മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന് രാഷ്ട്രീയ പക്വതയില്ലെന്ന് യൂത്ത് ലീഗിന്റെ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമര്‍ശത്തിലാണ് വിമർശനം. പരാമര്‍ശം തിരഞ്ഞെടുപ്പ് സമയത്ത് തിരിച്ചടിയുണ്ടാക്കുമെന്നും യൂത്ത് ലീഗ് സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.

മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിന്റെ അധിക്ഷേപം. ഒന്നുകില്‍ മുഖ്യമന്ത്രി ആണോ, അല്ലെങ്കില്‍ പെണ്ണോ ആകണം. ഇത് രണ്ടും അല്ലാത്ത മുഖ്യമന്ത്രിയെ കിട്ടിയത് നമ്മുടെ അപമാനമാണെന്നും പിഎംഎ സലാം പറഞ്ഞിരുന്നു. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലായിരുന്നു പിഎംഎ സലാമിന്റെ വിവാദ പ്രസംഗം.

അതേസമയം തിരഞ്ഞെടുപ്പുകളില്‍ മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കാത്തതിലും യൂത്ത് ലീഗ് എതിർപ്പ് അറിയിച്ചു. പാര്‍ലമെന്ററി ബോര്‍ഡില്‍ ആവശ്യമായ പരിഗണന ലഭിക്കാത്തതിലും യൂത്ത് ലീഗിന് അതൃപ്തിയുണ്ട്. തുടര്‍ച്ചയായി പ്രതിപക്ഷത്തിരിക്കുമ്പോള്‍ യൂത്ത് ലീഗ് നന്നായി ഇടപെട്ടു. എന്നിട്ടും പരിഗണനയില്ലെന്നും ലീഗ് വിമര്‍ശനം ഉന്നയിച്ചു.