പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടി സിറോ മലബാര്‍ സഭ അധ്യക്ഷന്‍; പാര്‍ലമെന്റ് ഹൗസില്‍ ഇന്ന് നരേന്ദ്രമോദി റാഫേല്‍ തട്ടില്‍ ചര്‍ച്ച

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും. മേജര്‍ ആര്‍ച്ച് ബിഷപ്പ് കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ച്ചയ്ക്ക് അനുവാദം തേടിയത്. പാര്‍ലമെന്റ് നടപടികള്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രി ഇന്നത്തേക്ക് കൂടിക്കാഴ്ച്ച മാറ്റുകയായിരുന്നു. രാവിലെ 11ന് പാര്‍ലമെന്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച .

മേജര്‍ ആര്‍ച്ച് ബിഷപ്പ് ആയി ചുമതലയേറ്റ ശേഷം ആദ്യമായാണ് മാര്‍ റാഫേല്‍ തട്ടില്‍ പ്രധാനമന്ത്രിയെ കാണാനൊരുങ്ങുന്നത്. ജനുവരി 11 നാണ് മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റത്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി മാര്‍ റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തത്. സ്ഥലം വില്‍പന ഉള്‍പ്പെടെ വിവാദങ്ങളെ തുടര്‍ന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിയുകയായിരുന്നു.