പ്ലസ് ടു വിദ്യാര്‍ത്ഥിനി എം.ബി.ബി.എസ് ക്ലാസില്‍; നാലുദിവസം പഠനത്തിന് എത്തി, ഹാജര്‍ പട്ടികയില്‍ പേര്, അറിയാതെ അധികൃതര്‍; അന്വേഷണം

പ്രവേശന യോഗ്യതയില്ലാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ എം.ബി.ബി.എസ് ക്ലാസിലിരുന്നു. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി നാല് ദിവസം ക്ലാസിലിരുന്നു. അഞ്ചാംദിവസം വിദ്യാര്‍ത്ഥിനി ക്ലാസില്‍ ഹാജരാകാതെ വന്നപ്പോഴാണ് ഇത് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

വിദ്യാര്‍ത്ഥികളുടെ പ്രവേശന രജിസ്റ്ററും ഹാജര്‍ പട്ടികയും ഒത്തുനോക്കിയപ്പോഴാണ് ഒരു കുട്ടി അധികമുള്ളതായി മനസിലായത്. തനിക്ക് മെഡിക്കല്‍ കോളജില്‍ പ്രവേശനം കിട്ടിയതായി വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും വിദ്യാര്‍ത്ഥിനി സന്ദേശങ്ങള്‍ അയച്ചിരുന്നു.

മെഡിക്കല്‍ കോളേജില്‍ നവംബര്‍ 29-ന് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് ആരംഭിച്ചത്. മൊത്തം 245 പേര്‍ക്കാണ് ഇവിടെ പ്രവേശനം ലഭിച്ചത്. ഇതിനുപുറമെയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനി കടന്നുകൂടിയത്. ഈ കുട്ടിയുടെ പേര് ഹാജര്‍ പട്ടികയിലുണ്ട്. എന്നാല്‍, പ്രവേശന രജിസ്റ്ററില്‍ ഇല്ല. പ്രവേശനയോഗ്യതയില്ലാത്ത കുട്ടിയുടെ പേര് എങ്ങനെ ഹാജര്‍പട്ടികയില്‍ വന്നെന്ന കാര്യം ദുരൂഹമാണ്.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കോളജ് അധികൃതരുടെ പരാതിയിലാണ് അന്വേഷണം. മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍ എം.എല്‍. ബെന്നി ലാലുവിനാണ് അന്വേഷണച്ചുമതല.