പ്ലസ്ടു കോഴക്കേസ്: കെ.എം ഷാജിയെ ഇ.ഡി. ചോദ്യം ചെയ്യുന്നു

പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.എം.ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യുന്നു. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കേസില്‍ ഇത് രണ്ടാം തവണയാണ് കെ.എം.ഷാജിയെ ഇ.ഡി ചോദ്യം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടിയാണ് ഷാജിയെ വിളിച്ചു വരുത്തിയതെന്ന് ഇ.ഡി.അധികൃതര്‍ പറഞ്ഞു.

2014 ലെ യു.ഡി.എഫ് ഭരണകാലത്ത് അഴീക്കോട് സ്‌കൂളിന് പ്ലസ്ടു കോഴ്സുകള്‍ അനുവദിച്ച് കിട്ടാന്‍ കെ.എം ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് സംഘം ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Read more

സ്‌കൂളിന്റെ വരവ് ചെലവ് കണക്കുകള്‍ വിജിലന്‍സ് നേരത്തെ പരിശോധിച്ചിരുന്നു. മറ്റ് ചെലവുകള്‍ എന്ന രീതിയില്‍ രേഖപ്പെടുത്തിയ 25 ലക്ഷം കോഴ നല്‍കിയ പണമാകാം എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഷാജിയുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.