പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്; തിരുത്തലുകള്‍ക്കുള്ള സമയം ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ തിരുത്തലുകള്‍ നടത്തുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ച് മണിവരെ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ക്കാനും അലോട്ട്‌മെന്റ് പരിശോധിക്കാനും സാധിക്കും.

വെള്ളിയാഴ്ച്ച രാവിലെയാണ് ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച വെബ്സൈറ്റില്‍ തകരാറ് സംബവിച്ചതിനെ തുടര്‍ന്ന് ആദ്യ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

ഒരുപാട് പേര്‍ ഒരേ സമയം സൈറ്റിലേക്ക് പ്രവേശിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. വെബ്സൈറ്റ് ശരിയായെങ്കിലും ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാനുള്ള തിയതി നീട്ടി നല്‍കണമെന്നാണ് ആവശ്യമുയരുന്നത്. അതേസമയം നിലവില്‍ തീയതി നീട്ടേണ്ട കാര്യമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

ആഗസ്റ്റ് മൂന്നിനാണ് ആദ്യഘട്ട അലോട്ട്‌മെന്റ്. ആഗസ്റ്റ് 22ന് ക്ലാസ് ആരംഭിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് ഫലം വൈകിയതാണ് പ്ലസ് വണ്‍ പ്രവേശനത്തിന്റെ നടപടികള്‍ വൈകാനിടയാക്കിയത്.