സ്കൂൾ ബസ് ദേഹത്തൂടെ കയറി ഇറങ്ങി; ഇടുക്കിയിൽ പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർത്ഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ പരിസരത്ത്‌വെച്ചാണ് അപകടം ഉണ്ടായത്. ഒരു ബസിൽ നിന്നും ഇറങ്ങിയതിന് ശേഷം ബസിന്‍റെ പിന്നിലൂടെ ക്ലാസിലേക്ക് നടക്കുകയായിരുന്നു. തൊട്ടുപിന്നിൽ മറ്റൊരു ബസ് നിര്‍ത്തിയിരുന്നു. കുട്ടി കടന്നുപോകുന്നത് ഇവര്‍ കണ്ടില്ല. ബസ് മുന്നോട്ട് എടുത്തതിനെ തുടര്‍ന്ന് കുഞ്ഞിനെ ഇടിച്ചു. കുഞ്ഞിന്‍റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചപ്പോഴാണ് ഡ്രൈവർ കുട്ടി ടയറിനടിയിൽപ്പെട്ട കാര്യം അറിയുന്നത്. ഉടൻ തന്നെ വാഹനം നിർത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം അപകടത്തിൽ ഇനായ ഫൈസൽ എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.