വാളയാർ പ്രശ്നവുമായി ബന്ധപ്പെട്ട് ആസൂത്രിതമായ ആക്രമണം: ഗൗരവമായി കാണുമെന്ന് എം.ബി രാജേഷ്

വാളയാർ പ്രശ്നവുമായി ബന്ധപ്പെട്ട് തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ തുടർച്ചയായി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്ക് താഴെ പ്രചരിപ്പിക്കുന്നതിനെ ആസൂത്രിതമായ ആക്രമണമായി മാത്രമേ കാണാൻ കഴിയൂ എന്ന് സ്‌പീക്കർ എം.ബി രാജേഷ്. ഇക്കാര്യം ഗൗരവത്തോടെ കാണുകയും നേരിടുകയും ചെയ്യുമെന്നും സ്‌പീക്കർ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

എം.ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

വിവിധ സമകാലിക വിഷയങ്ങളിൽ സമൂഹമാധ്യമം വഴി പ്രതികരണം നടത്തുന്ന ഒരാളാണ് ഞാൻ. സ്വാഭാവികമായും അതിനോട് യോജിപ്പും വിയോജിപ്പും ഉണ്ടാകാം. അതൊക്കെ പ്രകടിപ്പിക്കുകയും ചെയ്യാം. വിയോജിപ്പുകളെ ബഹുമാനത്തോടെ കാണുകയും ചെയ്യുന്നു. ഇപ്പോൾ കേരള നിയമസഭയുടെ സ്പീക്കർ എന്ന നിലയിൽ ധാരാളം പരിപാടികളിൽ സംബന്ധിക്കുകയും തൃത്താല മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിലെ വിവിധ വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്നുണ്ട്. സമൂഹമാധ്യമം വഴി ഇത്തരം പ്രതികരണങ്ങളും പരിപാടികൾ സംബന്ധിച്ച റിപ്പോർട്ടുകളും ജനങ്ങളെ അറിയിക്കുകയും ചെയ്യാറുണ്ട്.

ജനാധിപത്യബോധത്തോടെ ഇക്കാര്യത്തിൽ പ്രതികരിക്കുന്നവരാണ് അധികവും.വിമർശനങ്ങളും ധാരാളം ഉണ്ടാവാറുണ്ട്. ക്രിയാത്മക വിമർശനങ്ങൾ സ്വീകരിക്കാൻ ഒട്ടും മടിയുമില്ല. പക്ഷെ അശ്ലീലം പറയുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ മാത്രം എൻ്റെ പോസ്റ്റുകളെ സമീപിക്കുന്ന ഒരു കൂട്ടരുണ്ട്. അനുശോചനക്കുറിപ്പുകളുടെ ചുവട്ടിലും വന്നുനിന്ന് അശ്ലീലം പറയാൻ അവർക്ക് ഒരു മടിയുമില്ല. എന്താണ് ഇതുകൊണ്ട് നേടുന്നതെന്ന് അത്തരക്കാർ ആലോചിക്കുന്നത് നന്നാവും.

നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വാളയാർ പ്രശ്നവുമായി ബന്ധപ്പെടുത്തി എനിക്കെതിരെ അപവാദപ്രചാരണം നടത്തി മുതലെടുക്കാൻ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് ചിലർ ശ്രമിച്ചത് ഓർക്കുകയാണ്. ഞാൻ അന്ന് അതിനു മറുപടി നൽകാൻ പോയില്ല. ഇക്കാര്യത്തിൽ ജനങ്ങൾ തീരുമാനമെടുക്കട്ടെ എന്നായിരുന്നു എന്റെ നിലപാട്. ജനങ്ങൾ തീരുമാനമെടുത്തു. അത് അപവാദ വ്യവസായികൾക്ക് എതിരായിരുന്നു. എന്റെ പോസ്റ്റുകൾക്ക് കീഴിൽ വന്ന് നടത്തുന്ന അശ്ലീല പ്രതികരണങ്ങളുടെ സ്‌ക്രീൻ ഷോട്ടുകളെടുത്ത് എനിക്കയച്ചുതരികയും നിയമനടപടി സ്വീകരിക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്യുന്ന നിരവധി പേരുണ്ട്. അശ്ലീല പ്രതികരണക്കാരുടെ മേൽവിലാസം അടക്കമുള്ള വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയെന്ന വഴി ഞാൻ സ്വീകരിച്ചിരുന്നില്ല. എന്നാൽ വാളയാർ പ്രശ്നവുമായി ബന്ധപ്പെട്ട് തികച്ചും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ തുടർച്ചയായി എന്റെ പോസ്റ്റുകൾക്ക് താഴെ പ്രചരിപ്പിക്കുന്നതിനെ ആസൂത്രിതമായ ആക്രമണമായി മാത്രമേ കാണാൻ കഴിയൂ. അതിനെ ഗൗരവത്തോടെ കാണുകയും നേരിടുകയും ചെയ്യും.

നിലപാടുകൾ ഉണ്ടാവുക എന്നത് എന്നെപ്പോലെ രാഷ്ട്രീയരംഗത്തുള്ളവർക്ക് അനിവാര്യമായും ഉണ്ടാകേണ്ട ഒരു യോഗ്യതയാണ്. അതിന്റെ പേരിലാണ് സമൂഹമാധ്യമങ്ങളിൽ എനിക്കെതിരെ ഒരു കൂട്ടർ തരംതാണ പ്രതികരണങ്ങൾ നടത്തുന്നത്. ഇത്തരം പ്രതികരണങ്ങൾ പേടിച്ച് നിലപാടുകളിൽ നിന്ന് പിന്തിരിയാൻ ഉദ്ദേശിക്കുന്നില്ല. ഉത്തമബോധ്യമുള്ള കാര്യങ്ങളിൽ ഉറച്ചുനിൽക്കുക തന്നെ ചെയ്യും. ഇപ്പോൾ ഒരു ഭരണഘടനാ പദവി വഹിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്വ ബോധത്തോടെയും അതിന്റെ പരിമിതികൾക്കുള്ളിൽ നിന്നുമാണ് ഞാൻ വിവിധ കാര്യങ്ങളിൽ പ്രതികരിക്കുന്നത്.

എത്ര മോശം പരാമർശങ്ങൾ നടത്തുന്നവരോടും ഞാൻ മാന്യത വിട്ടു പ്രതികരിക്കാറില്ല. നമുക്ക് ആശയങ്ങൾ കൊണ്ടും നിലപാടുകൾ കൊണ്ടും സംവദിക്കാം. അനാരോഗ്യകരമായ ഭാഷയും പ്രതികരണങ്ങളും ഒഴിവാക്കാം. വിയോജിപ്പുകൾ നല്ല ഭാഷയിൽ അവതരിപ്പിക്കുമ്പോഴാണ് അവ നന്നായി സ്വീകരിക്കപ്പെടുക. അത് ഭാഷക്കും നമ്മുടെ ജനാധിപത്യ ശീലങ്ങൾക്കും മുതൽക്കൂട്ടാവുകയും ചെയ്യും.

തരംതാണ പ്രതികരണങ്ങൾ സമൂഹത്തിന് അസ്വസ്ഥതകളല്ലാതെ ഒരു നന്മയും പ്രദാനം ചെയ്യുന്നില്ല. അതുകൊണ്ട് കുറേക്കൂടി സമചിത്തതയോടെയും സംസ്കാരത്തോടെയും പ്രതികരിച്ചാൽ നല്ലത് എന്നു മാത്രമേ ഇക്കൂട്ടരോട് പറയാനുള്ളൂ.