വിമാനത്തിലെ പ്രതിഷേധം; ടിക്കറ്റ് ബുക്ക് ചെയ്തത് ഡി.സി.സിയില്‍ നിന്ന്, പണം ഇനിയും നല്‍കിയിട്ടില്ലെന്ന് പി.പി ദിവ്യ

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധം നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി ട്രാവല്‍ ഏജന്‍സിയെ വിളിച്ചത് കണ്ണൂര്‍ ഡിസിസിയില്‍ നിന്നാണെന്ന് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യയുടെ പ്രതികരണം.

ടിക്കറ്റിന്റെ പണം ഇതുവരെ ട്രാവല്‍ ഏജന്‍സിക്ക് നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം കേസില്‍ അറസ്റ്റിലായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവര്‍ക്ക് ജാമ്യവും പ്രതിയായ സുജിത് നാരായണന് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു.

പ്രതികള്‍ കയ്യില്‍ ആയുധം കരുതിയില്ലെന്നും മുഖ്യമന്ത്രിയോടുള്ള വ്യക്തിവിരോധമല്ല സംഭവത്തിന് കാരണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എയര്‍പോര്‍ട്ട് മാനേജര്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വാക്കുതര്‍ക്കം എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടു നല്‍കിയ റിപ്പോര്‍ട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വിമാനത്തില്‍ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ DCCയില്‍ നിന്ന്. ട്രാവല്‍ ഏജന്‍സിക്ക് ഇനിയും പണം നല്‍കിയിട്ടില്ല