പിങ്ക് പൊലീസിന്റെ പരസ്യവിചാരണ, കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം ആറ്റിങ്ങലില്‍ പിങ്ക് പൊലീസിന്റെ പരസ്യവിചാരണയ്ക്ക് ഇരയായ എട്ടു വയസ്സുകാരിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടിയുടെ മൗലിക അവകാശം ലംഘിച്ചട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളിയത്. ഇക്കാര്യം രേഖാമൂലം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. ഇതിനെ സാധൂകരിക്കാന്‍ നാല് സാക്ഷി മൊഴികളും സര്‍ക്കാര്‍ ഹാജരാക്കി. ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചട്ടുണ്ട്. അതിന് വേണ്ട നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയും നടപടി എന്തെങ്കിലും എടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പരസ്യവിചാരണ നേരിട്ട പെണ്‍കുട്ടി പരാതിയുമായി കോടതിയില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഈ ഹര്‍ജി പരിഗണിച്ച കോടതി കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അറിയിച്ചിരുന്നു. നഷ്ടപരിഹാര തുക എത്രയാണെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് അന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. സ്ഥലംമാറ്റം ശിക്ഷയല്ലെന്ന് കോടതി പറഞ്ഞു. അച്ചടക്ക നടപടി വൈകുന്നതില്‍ കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.

ഓഗസ്റ്റ് പതിനേഴിനായിരുന്നു മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥയായ രജിത അച്ഛനെയും എട്ടു വയസ്സുള്ള പെണ്‍കുട്ടിയെയും തടഞ്ഞ വെച്ചത്. ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു വഴിയില്‍ നിര്‍ത്തി ചോദ്യം ചെയ്തത്. എന്നാല്‍ പിന്നീട് ഫോണ്‍ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കേസില്‍ അന്വേഷണം നടത്തി ഉദ്യേഗസ്ഥയെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.