വിദ്യാർത്ഥികൾക്ക് നൽകാനുള്ള കോഴിമുട്ടയ്ക്ക് പിങ്ക് നിറം; ഫുഡ് സേഫ്റ്റി ഉദ്യോ​ഗസ്ഥന്റെ ഇടപെടൽ ഭഷ്യവിഷബാധ ഒഴിവാക്കി

കോഴിക്കോട്ട് സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകാനായെ എത്തിച്ച കോഴിമുട്ടകളിൽ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം. കോഴിക്കോട് പന്തീരാങ്കാവിനടുത്തു പ്രവർത്തിക്കുന്ന ജി എൽ പി എസ് പയ്യടിമീത്തൽ സ്കൂളിലാണ് സംഭവം. ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ കൃത്യമായ ഇടപെടൽ മൂലമാണ് വലിയ ഭഷ്യവിഷബാധയിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്.

വിദ്യാർഥികൾക്ക് കൊടുക്കാനായി പുഴുങ്ങി വെച്ച കോഴിമുട്ടയ്ക്ക് നിറവ്യത്യാസം ശ്രദ്ധയിൽ പെട്ടതോടെയാണ് സ്കൂളിലെ ടീച്ചർ നൂൺമീൽ ഓഫീസറെയും, ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറേയും വിവരമറിയിച്ചു. സ്വാഭാവികമായും പിങ്ക് നിറത്തിലുള്ള മുട്ടകൾ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകൾ വിദ്യാർഥികൾക്കായി നൽകുവാനാണ് പ്രാഥമിക മായി ടീച്ചർക്ക് ലഭിച്ച നിർദ്ദേശം.

എന്നാൽ കൃത്യസമയത്ത് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ ഓഫീസർ സ്യൂഡോമോണസ് എന്ന സൂക്ഷ്മണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. ഇത്തരത്തിൽ സുഡോമോണാസ് ബാധിച്ച കോഴിമുട്ടകൾ ഒരുമിച്ച് വേവിക്കുമ്പോൾ പോറസ് ആയ മുട്ടയുടെ തോട് വഴി മറ്റു മുട്ടകളിലേക്കും ഈ സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പകരാമെന്ന് അറിയിക്കുകയായിരുന്നു. ഈ മുട്ടകളുടെ സാമ്പിൾ ലാബിൽ പരിശോധനയ്ക്ക് അയക്കുകയും, മുട്ടകൾ വിദ്യാർഥികൾക്ക് ഭക്ഷ്യ ഉപയോഗത്തിനായി നൽകുന്നതിൽ നിന്നും വിലക്കുകയും ചെയ്തു.

കുന്ദമംഗലം ഫുഡ് സേഫ്റ്റി ഓഫീസറായ ഡോക്ടർ രഞ്ജിത് പി ഗോപിയുടെ കൃത്യമായ ഇടപെടൽ ഉണ്ടായത് വലിയ ഭക്ഷ്യവിഷബാധയിൽ നിന്നാണ് സ്കൂളിനെ രക്ഷിച്ചത്.