കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രി, ഫാസിസ്റ്റുകളുടെ അന്ത്യം തന്നെ ആയിരിക്കും പിണറായി വിജയനും; മുഖ്യമന്ത്രിക്ക് എതിരെ മാവോയിസ്റ്റ് ലഘുലേഖ

വയനാട്ടിലെ വെള്ളമുണ്ടയ്ക്കടുത്ത് മാവോയിസ്റ്റ് സംഘം മുഖ്യമന്ത്രിക്കെതിരെ ലഘുലേഖകള്‍ വിതരണം ചെയ്തു. തൊണ്ടർനാട് പെരിഞ്ചേർമല കോളനിയിൽ എത്തിയ നാലംഗ സായുധ മാവോയിസ്റ്റ് സംഘമാണ് ലഘുലേഖകൾ വിതരണം ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് ആദിവാസി കോളനിയിൽ മാവോയിസ്റ്റുകൾ എത്തിയതെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ കോളനിയിലെ രണ്ടു വീടുകളിൽ ലഘുലേഖകള്‍ നൽകുകയും മുദ്രാവാക്യവും വിളിച്ചാണ് മടങ്ങിയതെന്നും നാട്ടുകാർ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങളാണ് ലഘുലേഖയിൽ ഉള്ളത്. കേരളം കണ്ട നരഭോജിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. മരണത്തിൻ്റെ വ്യാപാരിയാണ്. നിങ്ങളുടെ അരുംകൊലകൾ എല്ലാ കാലത്തും തുടരാനാവും എന്ന് വ്യാമോഹിക്കണ്ടെന്നും കുറിപ്പിൽ പറയുന്നു.

Read more

ജനകീയ പ്രക്ഷോഭങ്ങൾക്ക് മുമ്പിൽ തകർന്നടിഞ്ഞ ഫാസിസ്റ്റുകളുടെ അന്ത്യം തന്നെയായിരിക്കും പിണറായി വിജയനെന്നും ​സി.പി.ഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലുള്ള ലഘുലേഖയിൽ പറയുന്നു.