ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദ്ദനത്തിൽ പ്രതികരിച്ച് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രക്തം കുടിക്കുന്ന ഡ്രാക്കുളയാണെന്നും തങ്ങൾ ആണി അടിച്ചു തറയ്ക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ അലോഷ്യസ് സേവ്യർ പറയുന്നു. ഇന്നലെയാണ് ഷാഫിക്ക് മർദ്ദനം ഏറ്റത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രതിഷേധങ്ങളെയും സമരങ്ങളെയും, കാക്കിയിട്ട ക്രിമിനൽ സംഘത്തെ ഉപയോഗിച്ചുകൊണ്ട് അടിച്ചൊതുക്കിയും, കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും ചോര വീഴ്ത്തുന്ന പിണറായി,
രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് താൻ….!
തന്നെ ഞങ്ങൾ ആണി അടിച്ചു തറയ്ക്കും….!
പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിന്റെ മർദനത്തിൽ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിലെ 2 എല്ലുകൾ പൊട്ടിയിരുന്നു. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. ഇന്ന് സംസ്ഥാനമൊട്ടാകെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ 692 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ ഉപ്പെടെയുള്ള നേതാക്കൾ പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. ന്യായ വിരോധമായി സംഘം ചേർന്നു, വഴി, വാഹന ഗതാഗതം തടസപ്പെടുത്തി തുടങ്ങിയവക്കാണ് കേസ്. എൽഡിഎഫ് പ്രവർത്തകർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 492 പേർക്കെതിരെയാണ് കേസ്.







