'പിണറായി കേവല ഭൗതികവാദിയല്ല, വൈരുദ്ധ്യാത്മക ഭൗതികവാദിയാണ്'; 'പ്രസവ വാർഡിൻ്റെ മുന്നിൽ പ്രസവം സ്ത്രീകൾക്ക് മാത്രം എന്ന് എഴുതിവെക്കാറില്ലല്ലോ'; എകെ ബാലൻ

മുഖ്യമന്ത്രി പിണറായി വിജയൻ കേവല ഭൗതികവാദിയല്ല, വൈരുദ്ധ്യാത്മക ഭൗതികവാദിയാണെന്ന് സിപിഎം നേതാവ് എകെ ബാലൻ. ലോകത്തിൻ്റെ മുൻപാകെ ഞാൻ വൈരുദ്ധ്യാത്മക ഭൗതിവാദം ഉയർത്തിപ്പിടിക്കുന്ന ആളാണെന്ന് എല്ലാദിവസവും പറയേണ്ട ആവശ്യമില്ല. പിണറായി വിജയൻ അയ്യപ്പഭക്തനാണെന്ന പ്രചരണം നടക്കുന്നു. എന്നാൽ പിണറായി വിജയൻ കമ്യൂണിസ്റ്റാണെന്നും എകെ ബാലൻ പറഞ്ഞു.

“കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനാണ്, അത് തുറന്നുപറയണം എന്നൊക്കെയാണ് ഇപ്പോൾ പലരും പറയുന്നത്. അത് ഒരു പ്രചാരണത്തിന് വേണ്ടി ഇപ്പോൾ നല്ലരൂപത്തിൽ ഉപയോഗിക്കുന്നുണ്ട്. രാഷ്ട്രീയത്തെ സംബന്ധിച്ചും ഞങ്ങൾ കൈകാര്യം ചെയ്യുന്ന മാർക്സിസത്തെ സംബന്ധിച്ചും അറിവുള്ള ഒരാളും ഇത് ചോദിക്കില്ല. പിണറായി കമ്യൂണിസ്റ്റാണ്. കേവല ഭൗതികവാദിയല്ല. വൈരുദ്ധ്യാത്മക ഭൗതികവാദിയാണ്. പ്രസവ വാർഡിൻ്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രം എന്ന് ആരും എഴുതിവെക്കാറില്ലല്ലോ”- എകെ ബാലൻ പറഞ്ഞു.

Read more

വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും എകെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പഭക്തനായെന്നും അയ്യപ്പനെ അദ്ദേഹം ഹൃദയംകൊണ്ട് സ്വീകരിച്ചെന്നുമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ പറഞ്ഞിരുന്നത്. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.