'പിണറായി സർക്കാർ കൊള്ളക്കാരുടെ സർക്കാർ, കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ ശബരിമലയിലെ തങ്കവിഗ്രഹം വരെ അടിച്ചുമാറ്റിയേനെ'; വിമർശിച്ച് വി ഡി സതീശൻ

ശബരിമലയിലെ സ്വർണക്കൊള്ളയിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. പിണറായി സർക്കാർ കൊള്ളക്കാരുടെ സർക്കാർ ആണെന്ന് വി ഡി സതീശൻ വിമർശനം ഉന്നയിച്ചു. കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ ശബരിമലയിലെ തങ്കവിഗ്രഹം വരെ അടിച്ചുമാറ്റിയേനെയെന്നും വി ഡി സതീശൻ പറഞ്ഞു.

കൊള്ളക്കാരുടെ സർക്കാരാണ് പിണറായി സർക്കാർ എന്ന് ശബരിമല സ്വർണ്ണ കൊളളയിലൂടെ അടിവരയിട്ടുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സ്വർണ്ണം കട്ടതിന് ജയിലിൽ പോയവർക്കതിരെ സിപിഐഎം നടപടിയെടുക്കുന്നില്ല. ജയിലിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിട്ടേ ഉള്ളൂ. സ്വർണ്ണ കൊള്ളയിൽ കടകംപള്ളിയ്ക്ക് എന്ത് ബന്ധമെന്ന് താൻ തെളിയിക്കേണ്ട ആവശ്യമില്ല എന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അയച്ചത് കടകംപള്ളി സുരേന്ദ്രൻ ആണ് എന്നും വി ഡി സതീശൻ ആരോപിച്ചു.

കടകംപള്ളി സുരേന്ദ്രന് ബന്ധമുണ്ടായിരുന്നു എന്ന് തെളിവ് ഹാജരാക്കാം. തെളിവുകൾ പത്മകുമാറിന്റെയും വാസുവിന്റെയും കയ്യിലുണ്ട്. സ്വർണ്ണം കട്ടത് പൊളിറ്റിക്കൽ തീരുമാനമാണ്. കോടതി ഇടപെട്ടിരുന്നില്ലെങ്കിൽ ശബരിമലയിലെ തങ്കവിഗ്രഹം വരെ അടിച്ചുമാറ്റിയേനെ. അറസ്റ്റിലായ നേതാക്കന്മർക്കെതിരെ സിപിഐഎം നടപടി എടുക്കാത്തത് ഭയന്നാണെന്നും വി ഡി സതീശൻ ​പറഞ്ഞു.

Read more