സില്‍വര്‍ലൈന് ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ല: പിണറായി വിജയന്‍

സില്‍വര്‍ ലൈന് വേണ്ടി ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അതിവേഗ റെയില്‍പാത എന്ന പേരില്‍ പദ്ധതി ആരംഭിച്ചുവെങ്കിലും അത് നടപ്പായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാത്രാസമയം കുറക്കാന്‍ ആവശ്യമായ പദ്ധതി എന്നതുകൊണ്ടാണ് പദ്ധതിയുമായി മുമ്പോട്ട് പോവുന്നത്. മുന്നോട്ടു പോകാന്‍ വേണ്ട എല്ലാ അനുമതിയും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അതിവേഗ റെയില്‍പാത എന്ന പേരില്‍ പദ്ധതി ആരംഭിച്ചു, എന്നാല്‍ അത് നടപ്പായില്ല.പദ്ധതികള്‍ കൊണ്ടു വന്നാല്‍ സാധാരണ നടപ്പാകാറില്ല, അതായിരുന്നു മുന്‍പത്തെ രീതി, ഏത് പദ്ധതി വരുമ്പോഴും അങ്ങനെയാണ് ജനങ്ങള്‍ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നാടിന്റെ വികസനത്തിന് വേണ്ടി കുറച്ച് സ്ഥലം വിട്ടു നല്‍കേണ്ടി വരുമെന്നും പദ്ധതികള്‍ വരുമ്പോള്‍ ആരെയും ബുദ്ധിമുട്ടിക്കണമെന്ന് സര്‍ക്കാരിനില്ലെന്നും പദ്ധതിയെക്കുറിച്ച് പറഞ്ഞാല്‍ പഴയത് പോലെയല്ല അത് നടക്കും എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട് അത് പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കും അറിയാവുന്ന കാര്യമാണ് അതാണ് എതിര്‍പ്പിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.