ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ല, എന്തും വിളിച്ചു പറയാവുന്ന നാടല്ല ഇത് ; പി.സി ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി

 

പിസി ജോര്‍ജ്ജ് വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പിസി ജോര്‍ജ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും ചിലതിനോട് വേദമോതിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തും വിളിച്ചു പറയാവുന്ന നാടല്ല ഇത്. നടപടികളില്‍ അസ്വഭാവികതയില്ല. പിസി ജോര്‍ജ്ജിന്ർറേത് നീചമായ വാക്കുകളാണ്  മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തിരുവനന്തപുരം അനന്തപുരിയിലെ വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് പൊലീസീന്റെ നടപടി.

ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പിസി ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഹാജരാവുകയായിരുന്നു. നിയമത്തിന് വഴങ്ങുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ജോര്‍ജിന്റെ പ്രതികരണം. പിന്നീട് ജോര്‍ജിനെ പൊലീസ് കസ്റ്റഡിലെടുത്ത് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും മാറ്റി. സ്റ്റേഷന്‍ പരിസരത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ജോര്‍ജിനെ മാറ്റിയത്. എറണാകുളം എആര്‍ ക്യാമ്പിലേക്കാണ് ജോര്‍ജിനെ മാറ്റിയത്. നടപടിയില്‍ അപ്പീല്‍ പോകുമെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു.

ജോര്‍ജിനു പിന്തുണയുമായി ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നിലെത്തിയിരുന്നു. അറസ്റ്റ് അംഗീകരിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും എത്തി. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്നാണ് പിഡിപി പ്രവര്‍ത്തകരുടെ ആവശ്യം. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. ഇനി എപ്പോള്‍ വേണമെങ്കിലും പൊലീസിന് ജോര്‍ജിനെ അറസ്റ്റ് ചെയ്യാം.

സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് മജിസ്‌ട്രേറ്റ് പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ജാമ്യം ലഭിച്ചതിന് ശേഷം എറണാകുളം വെണ്ണലയില്‍ പി സി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നു.

 

സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു. കൊച്ചിയില്‍ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ ചാനലില്‍ വന്ന പ്രസംഗത്തിന്റെ പകര്‍പ്പാണ് കോടതി വിശദമായി പരിശോധിച്ചത്.