'നടൻ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ ഫോട്ടോഗ്രാഫർക്ക് മർദ്ദനം'; പൊലീസിൽ പരാതി നൽകി

കണ്ണൂർ കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെ ഫോട്ടോഗ്രാഫറും മാധ്യമപ്രവർത്തകനുമായ സജീവൻ നായർക്ക് മർദ്ദനം. സംഭവത്തിൽ സജീവൻ നായർ പൊലീസിൽ പരാതി നൽകി. ക്ഷേത്ര ഭാരവാഹികൾ തന്നെ ഫോട്ടോ എടുക്കാൻ ഏർപ്പാടാക്കിയ ആളായിരുന്നു സജീവൻ നായർ. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യ ദർശനം കഴിഞ്ഞു വരുമ്പോൾ ഫോട്ടോ എടുക്കാൻ ശ്രമിക്കവെയാണ് സജീവൻ നായരെ കൂടെ ഉണ്ടായിരുന്നവർ മർദിച്ചത്.

ഇന്ന് രാവിലെ എട്ടരയോടെ അക്കര കൊട്ടിയൂരിലാണ് സംഭവം നടന്നത്. ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാൻ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് സജീവൻ നായര്‍. ജയസൂര്യ ക്ഷേത്ര ദര്‍ശനം നടത്താൻ എത്തിയപ്പോള്‍ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് ഇയാൾ ഫോട്ടോ എടുത്തത്. ഇതിനിടിലാണ് കയ്യേറ്റം നടന്നത്. ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് വിലക്കുകയും ക്യാമറക്ക് നേരെ കയ്യുയര്‍ത്തുകയും ചെയ്യുകയായിരുന്നു. അതേസമയം സജീവൻ നായര്‍ കൊട്ടിയൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി.