'വാഴക്കുല'യില്‍ യാതൊരു പരിഗണനയുമില്ലാതെ വിമര്‍ശനം നേരിടേണ്ടി വന്നു; ചിന്തിക്കാതെ പറ്റിയ തെറ്റ്; ന്യായീകരിച്ച് ചിന്ത ജെറോം

വേഷണ വിവാദത്തില്‍ വിശദീകരണവുമായി സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം രംഗത്ത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് തെറ്റ് വന്നത് മനുഷ്യ സഹജമായ സാന്ദര്‍ഭികമായ തെറ്റാണ്. ഇതു പുസ്തക രൂപത്തില്‍ ഇറക്കുമ്പോള്‍ തിരുത്തുമെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യാതൊരു പരിഗണനയുമില്ലാതെ വിമര്‍ശനം നേരിടേണ്ടിവന്നു.

വിമര്‍ശകര്‍ക്ക് ഹൃദയനിറഞ്ഞ നന്ദിയാണ് പറയാനുള്ളത്. പ്രബന്ധം കോപ്പിയടിച്ചതാണെന്നുള്ള വാദവും ചിന്ത തള്ളിക്കളഞ്ഞു. ഒരു വരിപോലും മറ്റൊരിടത്തുനിന്നും പകര്‍ത്തിയെഴുതിയിട്ടില്ല. ചെറിയൊരു പിശകിനെ പര്‍വതീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുള്ള പ്രബന്ധമാണ്. ഈ വിഷയത്തില്‍ ഏറ്റവും വിഷമം എനിക്കാണ്. കുട്ടിക്കാലം മുതല്‍ ഉപയോഗിച്ച് വന്ന പുസ്തകത്തെ കുറിച്ചാണ് തെറ്റ് വന്നത്. വാഴക്കുലയെ കുറിച്ച് ഏറെ വേദികളില്‍ സംസാരിച്ചിട്ടുണ്ട്. കൃത്യമായിതു നോട്ടപിശക് മാത്രമാണെന്നും ചിന്താജെറോം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം, ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനൊരുങ്ങി കേരള സര്‍വകലാശാല. ഇതിനായി വിദഗ്ധ സമിതിയെ നിയമിക്കും. നാലംഗ കമ്മിറ്റിയെയാകും നിയമിക്കുക. പ്രബന്ധം നേരിട്ടുള്ള പരിശോധനക്ക് വിധേയമാക്കും. പ്രബന്ധത്തിലെ ഗുരുതര പിഴവുകള്‍, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. നല്‍കിയ പിഎച്ച്ഡി ബിരുദം പിന്‍വലിക്കാനോ പ്രബന്ധത്തിലെ തെറ്റു തിരുത്താനോ സര്‍വകലാശാല നിയമത്തില്‍ വ്യവസ്ഥയില്ല.

ചിന്താ ജെറോമിന്റെ ഗവേഷണ ബിരുദം പുനഃപരിശോധിക്കണമെന്ന് സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്കും കേരള സര്‍വകലാശാല വി.സിക്കും നല്‍കിയ നിവേദനത്തിലാണ് ആവശ്യമുയര്‍ത്തിയത്. ഡോ. പി.പി അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണമെന്നും എച്ച്.ആര്‍.ഡി.സി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.