ശശി തരൂരിന്റെ നിലപാടിനെ തള്ളി കോൺഗ്രസ്സ്. തരൂരിന്റേത് പാർട്ടി നിലപാടല്ലെന്ന് കോൺഗ്രസ്സ് നേതാവ് പവൻ ഖേര പറഞ്ഞു. ശശി തരൂർ പറഞ്ഞത് പാർട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും പവൻഖേര പറഞ്ഞു. മോദിയെ ഇരുത്തി തീരുവയിൽ വിരട്ടിയ ട്രംപിൻ്റെ നയത്തോട് എങ്ങനെ യോജിക്കാനാകുമെന്നും പവൻ ഖേര പറഞ്ഞു. ഇന്ത്യക്കാരെ ചങ്ങലയിലിട്ട് തിരിച്ചയച്ചത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.
സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ വളര്‍ച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് ഇംഗ്ലീഷ് ദിനപത്രത്തിൽ തരൂരിന്‍റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘ചെയ്ഞ്ചിങ് കേരള;ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ’ എന്ന തലക്കെട്ടിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ വെള്ളിയാഴ്ച എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശി തരൂർ പ്രശംസിച്ചത്.
നാടിന്‍റെ വളര്‍ച്ച ക്യാപ്പിറ്റലിസത്തിലാണെന്ന് ബംഗാളിലേതു പോലെ കേരളത്തിലെ കമ്യൂണിസ്റ്റുകളും മനസ്സിലാക്കിയെന്നാണ് തരൂരിന്‍റെ നിരീക്ഷണം. വ്യവസായ അന്തരീക്ഷം അനുകൂലമാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ കേരളത്തിന്റെ ഒന്നാം സ്ഥാനവും ചുവപ്പുനാടയിൽ കുരുങ്ങാതെ വ്യവസായ സാഹചര്യം ഒരുക്കുന്നതും തരൂർ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെയും തരൂര്‍ അഭിനന്ദിച്ചു. സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് ദിവസം എടുക്കുമ്പോള്‍, ഇന്ത്യയില്‍ ശരാശരി 114 ദിവസം എടുക്കും. കേരളത്തില്‍ 236 ദിവസവും. എന്നാല്‍ രണ്ടാഴ്ച മുമ്പ് ‘രണ്ട് മിനിറ്റിനുള്ളില്‍’ ഒരു ബിസിനസ് തുടങ്ങാന്‍ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. കേരളത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടതും കരുതിയതുമായ കാര്യങ്ങളില്‍ നിന്നുള്ള സ്വാഗതാര്‍ഹമായ മാറ്റമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.