നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തുറക്കാൻ അനുമതി

ബുധനാഴ്ച മുതൽ കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷോപ്പിംഗ് മാളുകള്‍ തുറക്കാൻ സർക്കാർ അനുമതി. നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് തുറക്കാനാണ് അനുമതി.

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാനാണ് അനുമതി. നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജരാവാനുള്ള എല്ലാ ഉദ്യോഗസ്ഥരും ഹാജരാകുന്നുണ്ടോ എന്നു മേലധികാരികള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഓഗസ്റ്റ് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കര്‍ക്കടക വാവിനു കഴിഞ്ഞ വര്‍ഷത്തെ പോലെ വീടുകളില്‍തന്നെ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തണം.

അവസാന വര്‍ഷ ഡിഗ്രി, പിജി വിദ്യാർഥികള്‍ക്കും എല്‍പി, യുപി സ്കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുമെന്നും കോവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിനു ലഭിക്കുന്ന വാക്സീനുകള്‍ക്കു പുറമേ സ്വകാര്യ മേഖലയ്ക്കു കൂടുതല്‍ വാക്സീൻ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കും.

Read more

സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്സീന്‍ നല്‍കാന്‍ കഴിയും എന്ന് കണക്കാക്കിയാണു വിതരണമുണ്ടാവുക. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും ആശുപത്രികളുമായി ചേര്‍ന്ന് അവിടത്തെ സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു വാക്സിനേഷന്‍ നടത്താം.