ലഹരിക്കടത്ത് കേസില്‍ ഉള്‍പ്പെടുന്നവരെ സമുദായവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളില്‍ നിന്നും വിലക്കും: മഹല്ല് കമ്മിറ്റി

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി മഹല്ല് കമ്മിറ്റി. ലഹരി കേസില്‍ പിടിക്കപ്പെടുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. മഹല്ല് കമ്മിറ്റിയില്‍നിന്ന് പുറത്താക്കുകയും ചെയ്യും. കാസര്‍കോട് പടന്നക്കാട് അന്‍സാറുല്‍ ഇസ്‌ലാം ജമാഅത്ത് മഹല്ല് കമ്മിറ്റിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ലഹരിയുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ പിടിപ്പിക്കപ്പെടുന്നവരുടെ വിവാഹം, ഖബറടക്കം തുടങ്ങി എല്ലാ പരിപാടികളിലും സഹകരിക്കില്ലെന്ന് മഹല്ല് കമ്മിറ്റി വ്യക്തമാക്കി. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ മഹല്ല് കമ്മിറ്റിയില്‍നിന്ന് പുറത്താക്കുകയും ചെയ്യും.

അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്ന് അറിയിച്ചു. വീട്ടുകാര്‍ക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കില്ല. പുറമെ, മഹല്ലിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുകയും ചെയ്യും. കേസില്‍ ഉള്‍പ്പെട്ടവര്‍ മരിച്ചാല്‍ ഖബറടക്കത്തിനുശേഷമുള്ള ചടങ്ങുകളില്‍ മഹല്ലുമായി ബന്ധപ്പെട്ട് ആരും പങ്കെടുക്കില്ല.

യുവാക്കള്‍ രാത്രി പത്തിനുശേഷം കാരണമില്ലാതെ ടൗണുകളില്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും കമ്മിറ്റി വിലക്കി. കുട്ടികളുടെ രാത്രി സഞ്ചാരം രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും കുട്ടികള്‍ എങ്ങോട്ട്, ആരുടെ കൂടെ പോകുന്നു തുടങ്ങി എല്ലാ കാര്യങ്ങളും രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും മഹല്ല് കമ്മിറ്റി നിര്‍ദേശിച്ചു.