'35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പെൻഷൻ'; സ്ത്രീ സുരക്ഷാ പദ്ധതിക്കായി ഇതുവരെ അപേക്ഷിച്ചത് 8,52,223 പേർ

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്കായി ഇതുവരെ അപേക്ഷിച്ചത് 8,52,223 പേർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. ഇനിയും അപേക്ഷ സമർപ്പിക്കാത്തവർക്ക് https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷസമർപ്പിക്കാനാവും.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം

Read more

സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി എൽഡിഎഫ് സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. ഈ ചെറിയ കാലയളവിനുള്ളിൽ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേർ അപേക്ഷിച്ചുവെന്നത് സർക്കാർ ഇടപെടലിന് ലഭിച്ച സ്വീകാര്യതയുടെ വൈപുല്യം വെളിവാക്കുന്നു. 35നും 60നും ഇടയിൽ പ്രായമുള്ള, യാതൊരു ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇക്കഴിഞ്ഞ ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. ഇനിയും അപേക്ഷിക്കാൻ സാധിക്കാത്തവർ അപേക്ഷകൾ https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനുമുള്ള പ്രധാന ചാലകശക്തിയായി സ്ത്രീ സുരക്ഷാ പദ്ധതി മാറും.