മരിച്ചവര്‍ക്കും പെന്‍ഷന്‍; പാലക്കാട് സാമൂഹ്യ പെന്‍ഷന്‍ വിതരണത്തില്‍ വന്‍ ക്രമക്കേട്

പാലക്കാട് ജില്ലയിലെ മേലാര്‍ക്കോട് പഞ്ചായത്തില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. മരിച്ചു പോയ ആളുകളുടെ പേരില്‍ പെന്‍ഷന്‍ വിതരണം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തല്‍. പഞ്ചായത്തിലെ ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് പെന്‍ഷന്‍ വിതരണത്തിലെ ക്രമക്കേട് കണ്ടെത്തിയത്.

സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് മേലാര്‍ക്കോട്. സിപിഎം നേതൃത്വമാണ് അഴിമതിക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി.

2019 മുതല്‍ 2021 വരെയുള്ള സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണത്തിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചവര്‍ക്ക് മുതല്‍ മാസങ്ങള്‍ക്ക് മുമ്പ് മരിച്ച ആളുകള്‍ക്ക് വരെ പെന്‍ഷന്‍ മുടങ്ങാതെ നല്‍കുന്നു എന്ന് പഞ്ചായത്തിലെ രേഖകളില്‍ വ്യക്തമാണ്. 2019ല്‍ മരിച്ച അഞ്ചുപേര്‍ ഇപ്പോഴും പെന്‍ഷന്‍ സ്വീകരിക്കുന്നവരുടെ പട്ടികയിലുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ മരിച്ച 40 പേരില്‍ 25 പേര്‍ക്കും പെന്‍ഷന്‍ നല്‍കിയെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ആകെ പെന്‍ഷന്‍ വാങ്ങുന്ന ആളുകളില്‍ മരിച്ച 40 പേരുടെ ആധാര്‍ നമ്പരുപയോഗിച്ച് നടത്തിയ പരിശോധനയിലാണ് 25ലധികം പേര്‍ക്ക് മരിച്ചതിന് ശേഷവും പെന്‍ഷന്‍ നല്‍കിയതായി കണ്ടെത്തിയത്. ഇവരില്‍ പലരുടെയും മരണം പഞ്ചായത്തില്‍ രജിസ്റ്റര്‍ ഇതുവരെ രജിസ്റ്റര്‍ പോലും ചെയ്തിട്ടില്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പെന്‍ഷന്‍ ഡാറ്റാബേസ് പരിശോധന നടത്തി അനര്‍ഹരെ ഒഴിവാക്കണമെന്നും, സര്‍ക്കാറിന് ഉണ്ടായ വലിയ നഷ്ടം തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് ഓഡിറ്റ് ഓഫീസര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം ഓഡിറ്റിലെ കണ്ടെത്തലുകള്‍ തെറ്റാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിക്കുന്ന വാദം. മരിച്ച മൂന്ന് പേരുടെ പേരില്‍ പെന്‍ഷന്‍ നല്‍കിയത് മാത്രമാണ് പഞ്ചായത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്ന വീഴ്ച്ച.