പി.സി വിഷ്ണുനാഥ് യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാർത്ഥി

സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിസി വിഷ്ണുനാഥ് മത്സരിക്കും. തൃത്താലയില്‍ നിന്നുള്ള എംബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമായി. പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിനു മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു വരികയാണ്. നാളെയും സഭയുണ്ട്. 53 പേരാണ് പുതുതായി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ വീണ്ടും വിജയിച്ചു. 2016 ന് മുമ്പ് അംഗങ്ങളായിരുന്നു 12 പേര്‍ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

26-നും 27-നും സഭ ചേരില്ല. 28-ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. സര്‍ക്കാര്‍ തുടരുന്നതിനാല്‍ ആ പ്രഖ്യാപനങ്ങള്‍തന്നെ ആവര്‍ത്തിക്കുമോ, പുതിയ പരിപാടികള്‍ പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.

പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണ്‍ നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം വിലയിരുത്തിയാവും കാര്യങ്ങള്‍.