ബസ്സില്‍ മോഷണം നടന്നാല്‍ കറുത്തവനെയും മുഷിഞ്ഞ വസ്ത്രം ധരിച്ചവനെയും സംശയിക്കുന്നെന്ന് പി.സി വിഷ്ണുനാഥ്; ഒറ്റപ്പെട്ട സംഭവങ്ങളെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍

സംസ്ഥാനത്ത് പട്ടിക വര്‍ഗക്കാര്‍ ആക്രമണത്തിനും അധിക്ഷേപത്തിനും ഇരയാകുന്നത് ഒറ്റപ്പെട്ട സംഭവങ്ങളെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഗൗരവമായി കാണുന്നുവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് പട്ടിക വര്‍ഗക്കാര്‍ ആക്രമണത്തിനും അധിക്ഷേപത്തിനും പൊതുവേ ഇരയാകുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഗൗരവത്തോടെ കാണുന്നു. ഇക്കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്.

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക സംഘം അന്വേഷിക്കുകയാണ്. സിറ്റി പൊലീസ് മേധാവിയാണ് മേല്‍നോട്ടം വഹിക്കുന്നത്. വിശ്വനാഥന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കി. ശാസ്ത്രീയമായ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

മധുവിന്റെയും വിശ്വനാഥന്റേയും മരണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സമൂഹത്തിന്റെ മാനസികാവസ്ഥ മാറണം. ബസില്‍ മോഷണം നടന്നാല്‍ കറുത്തവനെയും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവനെയും സംശയിക്കുന്ന മാനസികാവസ്ഥയാണെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.