കമ്മ്യൂണിസ്റ്റുകാര്‍ക്ക് മദ്യപിക്കണമെങ്കില്‍ വീട്ടില്‍ ആവാം; 'മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിനയ'മെന്ന് ബിനോയ് വിശ്വം

33 വര്‍ഷത്തിനൊടുവില്‍ മദ്യപാനം സംബന്ധിച്ച നിലപാട് തിരുത്തി സിപിഐ. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിനയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് മദ്യപാനശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ചായിക്കോ എന്നും പരസ്യമായി മദ്യപിച്ച് നാലുകാലില്‍ വരാന്‍ പാടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി .

പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പുതിയ പെരുമാറ്റച്ചട്ടത്തിലുളളത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതിയ പെരുമാറ്റച്ചട്ടത്തിലാണ് 33 വര്‍ഷത്തിനൊടുവില്‍ മദ്യപാനം സംബന്ധിച്ച നിലപാട് പാര്‍ട്ടി തിരുത്തുന്നത്. മദ്യനിരോധനമല്ല, മദ്യ വര്‍ജനമാണ് സിപിഐ നയം എന്ന് ബിനോയ് വിശ്വം പറഞ്ഞു.

മദ്യ നയം സംബന്ധിച്ച സിപിഐ പാര്‍ട്ടി മെമ്പര്‍മാര്‍ക്കുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമര്‍ശം ചര്‍ച്ചയായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. പ്രവര്‍ത്തകര്‍ക്ക് മദ്യപിക്കാം, എന്നാല്‍ അമിതമാവരുതെന്നാണ് നിര്‍ദേശം. എന്നാല്‍, നേതാക്കളും പ്രവര്‍ത്തകരും മദ്യപാനം പതിവാക്കുന്നത് ഒഴിവാക്കണമെന്നും പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കരുതെന്നും നിര്‍ദേശമുണ്ട്.