സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കും; ചട്ടലംഘനങ്ങള്‍ പരിഹരിച്ചു

ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി സാജന്‍ പാറയിലിന്റെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കി. സാജന്റെ കുടുംബം നല്‍കിയ പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് തീരുമാനം ഉണ്ടായത്.

നഗരസഭ ചൂണ്ടിക്കാണിച്ച ചട്ടലംഘനങ്ങള്‍ പരിഹരിച്ചതിനു ശേഷമാണ് നടപടി. വാട്ടര്‍ ടാങ്ക് പൊളിക്കണമെന്ന നിര്‍ദ്ദേശമൊഴികെ എല്ലാ ചട്ടലംഘനങ്ങളും പരിഹരിച്ചു. തുറസ്സായ സ്ഥലത്ത് നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് പൊളിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കണമെന്നും കുടുംബം സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ വാട്ടര്‍ ടാങ്ക് ആറുമാസത്തിനകം മാറ്റി സ്ഥാപിക്കണമെന്നാണ് നഗരസഭയുടെ നിര്‍ദ്ദേശം.

Read more

ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പ്രവര്‍ത്തനാനുമതി നല്‍കാനായിരുന്നു നഗരസഭയോട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.