പന്തീരാങ്കാവ് യു.എ.പി.എ കേസ്; അലന്‍ ഷുഹൈബിന് മൂന്നു.മണിക്കൂര്‍ സമയത്തേക്ക് പരോള്‍

പന്തീരാങ്കാവ് യുഎപിഎ കേസിലെ ഒന്നാം പ്രതി അലന്‍ ഷുഹൈബിന് പരോള്‍ അനുവദിച്ചു. കൊച്ചി എന്‍ഐഎ കോടതിയാണ് അലന്‍ ഷുഹൈബിന് 3 മണിക്കൂര്‍ പരോള്‍ അനുവദിച്ചത്. അലന്‍ പരോള്‍ ലഭിച്ചതിനെതുടര്‍ന്ന് കോഴിക്കോട് വീട്ടിലെത്തി.

അലന്റെ അമ്മയുടെ അമ്മയുടെ സഹോദരിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ അടിസ്ഥാനത്തില്‍ ആ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പരോളിന് അപേക്ഷിച്ചിരുന്നത്. ഇത് പരിഗണിച്ച കോടതി മൂന്ന് മണിക്കൂര്‍ നേരത്തേക്ക് പരോള്‍ അനുവദിക്കുകയായിരുന്നു.

മൂന്ന് മണിക്കൂര്‍ പരോള്‍ അനുവദിച്ചിരിക്കുന്നത് ജയിലില്‍ നിന്നും തിരിച്ചും ഉള്ള യാത്രാസമയം കൂട്ടാതെയാണ് എന്നാണ് മനസ്സിലാക്കുന്നത്. തൃശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അലനെ പാര്‍പ്പിച്ചിരിക്കുന്നത്. രാവിലെ പത്തരയോടെയാണ് അലന്‍ വീട്ടിലെത്തിയത്.

അലന്റെ വീടിനോട് ചേര്‍ന്നുള്ള ബന്ധുവീട്ടിലേക്കാണ് അലനെ കൊണ്ടുവന്നിട്ടുള്ളത്. എന്‍ഐഎ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ വന്‍ സുരക്ഷാസന്നാഹത്തോടെയാണ് അലനെ എത്തിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ അലന്‍ ഷുഹൈബിന്റെ പരോള്‍ സമയം അവസാനിക്കും.