'പീഡിപ്പിക്കാൻ മാതാപിതാക്കൾ ഒത്താശ ചെയ്തു, അതിക്രമം നേരിട്ടുകണ്ടു'; വാളയാർ കേസിൽ സിബിഐയുടെ കുറ്റപത്രം, അമ്മയും അച്ഛനും രണ്ടും മൂന്നും പ്രതികൾ

വാളയാർ കേസിൽ ഗുരുതര കണ്ടെത്തലുമായി സിബിഐയുടെ കുറ്റപത്രം. പെൺകുട്ടികളുടെ അമ്മയ്‌ക്കെതിരെയാണ് കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലുകളുള്ളത്. കുട്ടികളുടെ മുന്നിൽ വെച്ച് കേസിലെ ഒന്നാം പ്രതിയായ വലിയ മധുവും അമ്മയും ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി സിബിഐ കുറ്റപത്രത്തിൽ പറയുന്നു. പെൺകുട്ടികളെ പീഡിപ്പിക്കാൻ മാതാപിതാക്കൾ ഒത്താശ ചെയ്തുവെന്നും പറയുന്ന സിബിഐയുടെ കുറ്റപത്രത്തിൽ അമ്മയും അച്ഛനും രണ്ടും മൂന്നും പ്രതികളാണ്.

മൂത്ത മകളെ ഒന്നാം പ്രതി ലൈംഗികാതിക്രമം നടത്തിയത് അറിഞ്ഞിട്ടും ഇളയ മകൾക്കെതിരെയും ലൈംഗികാതിക്രമം നടത്താൻ അമ്മ പ്രേരിപ്പിച്ചുവെന്നും സിബിഐ പറയുന്നു. രണ്ടാഴ്ച മുമ്പ് കോടതിയിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കാൻ അമ്മയുടെയും അച്ഛന്റെയും പ്രേരണയുണ്ടായിരുന്നതായി പറയുന്നത്. ഒന്നാം പ്രതി തന്റെ മൂത്ത മകളെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് അറിഞ്ഞതിന് ശേഷവും അവധി ദിനങ്ങളിൽ മദ്യപിച്ച് വീട്ടിൽ വരാൻ ഇയാളെ അമ്മ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും സിബിഐ കണ്ടെത്തി.

‘മാതാപിതാക്കൾ മക്കളെ മനപ്പൂർവം അവഗണിക്കുകയും തുടർന്ന് കുട്ടികൾ ബലാത്സംഗത്തിനിരയാകുകയും ഉപദ്രവിക്കപ്പെടുകയുമായിരുന്നു. 2016 ഏപ്രിലിൽ മൂത്ത മകളെ ഒന്നാം പ്രതി ഉപദ്രവിക്കുന്നത് അമ്മ നേരിട്ട് കണ്ടു. രണ്ടാഴ്ചയ്ക്ക് ശേഷം ഇയാൾ വീണ്ടും മകളെ ദുരുപയോഗം ചെയ്യുന്നത് അച്ഛനും കണ്ടു. എന്നിട്ടും മൂത്ത മകൾക്കെതിരെയുള്ള ഒന്നാം പ്രതിയുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് പൊലീസിനോട് വെളിപ്പെടുത്താൻ ഇവർ തയ്യാറായില്ല. മാത്രവുമല്ല, പ്രതിയുമായി നിരന്തരം ബന്ധം പുലർത്തുകയും ചെയ്തു’- കുറ്റപത്രത്തിൽ പറയുന്നു.

മൂത്ത മകളുടെ മരണത്തിന് ശേഷവും ഇളയ കുട്ടിയെ ഒന്നാം പ്രതിയുടെ വീട്ടിൽ മാതാപിതാക്കൾ പറഞ്ഞയക്കാറുണ്ടായിരുന്നുവെന്ന നിർണായക കണ്ടെത്തലും കുറ്റപത്രത്തിലുണ്ട്. എന്നാൽ തന്റെ സഹോദരിയുമായി നല്ല അടുപ്പമുണ്ടായിരുന്ന ഇളയകുട്ടിക്ക് ഒന്നാം പ്രതി ഉപദ്രവിച്ച കാര്യങ്ങൾ അറിയാമായിരുന്നുവെന്നും സിബിഐ റിപ്പോർട്ട് ചെയ്യുന്നു. മാതാപിതാക്കളുടെ മനപ്പൂർവമുള്ള അശ്രദ്ധ കാരണമാണ് രണ്ട് മക്കളും പീഡിപ്പിക്കപ്പെട്ടതെന്ന് പറഞ്ഞാണ് സിബിഐ കുറ്റപത്രം അവസാനിപ്പിക്കുന്നത്.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസുകാരിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2017 മാർച്ച് 12ന് മരിച്ച കുട്ടികൾ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂൺ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു. പിന്നാലെ കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു സിബിഐ അന്വേഷണം നടത്തിയത്.