ഷാരോണ്‍ രാജ് വധക്കേസില്‍ ഇന്ന് പ്രതികള്‍ക്ക് ശിക്ഷ വിധിക്കും. ഒന്നാം പ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു.
തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതകം, പൊലീസിനെ തെറ്റിദ്ധരിപ്പിക്കല്‍ എന്നി കുറ്റങ്ങളാണ് ഗ്രീഷ്മയ്ക്കെതിരെ തെളിഞ്ഞത്. തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് നിര്‍മലകുമാരന്‍ നായരുടേത്. ഒന്നാം പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു.
കേസിലെ രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. 2022 ഒക്ടോബര്‍ 14ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കീടനാശിനി കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25ന് ആണ് ചികിത്സയിലിരിക്കെ ഷാരോണ്‍ രാജ് മരിച്ചത്.
അതേസമയം, ശിക്ഷാവിധിയുടെ വാദത്തിനിടെ തനിക്ക് 24 വയസ് മാത്രമാണ് പ്രായമെന്നും അതു കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് ഗ്രീഷ്മ അഭ്യര്‍ഥിച്ചിരുന്നു. ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലമുണ്ട്, സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഷാരോണ്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും ഗ്രീഷ്മ പറഞ്ഞു.
Read more
നഗ്ന ചിത്രങ്ങള്‍ പുറത്തുവരുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. അതിനാല്‍ നീതീകരിക്കാവുന്ന കൊലപാതകമായി കാണണമെന്ന് പ്രതിഭാഗം വാദിച്ചു. തനിക്ക് 24 വയസ് മാത്രമാണ് പ്രായം. പഠിക്കാന്‍ മിടുക്കിയാണ്. തുടര്‍ന്ന് പഠിച്ച് ബിരുദം നേടണം. അതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ഗ്രീഷമ വാദിച്ചു.








